കൊച്ചി മെട്രോ ഉദ്ഘാടനം: പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്ന് കടകംപള്ളി

single-img
19 May 2017

ഈ മാസം മുപ്പതിനു കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്നു സഹകരണ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും, എന്തെങ്കിലും സാഹചര്യത്തിൽ പ്രധാനമന്ത്രിക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവയിൽ വെച്ചാകും ഉദ്ഘാടനച്ചടങ്ങുകളെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി ഇല്ലാത്ത സമയത്ത് നടത്താൻ തീരുമാനിച്ചത് സംസ്ഥാന സർക്കാറിന്റെ അൽപ്പത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. മേയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്നു നേരത്തെ അറിയിച്ചതാണ്. മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസർക്കാർ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത്. പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നുവെങ്കിലും ഇതു വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.  അതിനിടെ, സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉയരുകയും ചെയ്തു.

പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരും മറ്റ് നേതാക്കളും ചടങ്ങിനുണ്ടാകും.

അതേസമയം, മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായി കൊച്ചി മെട്രോ സർവീസിനു സജ്ജമായി കഴിഞ്ഞു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുളളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്. ആലുവയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും.

മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.