കോഫീ ഹൌസിൽ ദേശാഭിമാനി മാത്രം മതിയെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് കടകംപള്ളി

single-img
19 May 2017

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും വേണ്ടെന്ന അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവു ശുദ്ധവിവരക്കേടെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഉത്തരവ് പുന:പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ച അഡ്മിനിസ്ട്രേറ്റര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

കോഫീ ഹൗസുകളില്‍ മറ്റു പ്രസിദ്ധീകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചു കൊണ്ടും ദേശാഭിമാനി നിര്‍ബന്ധമാക്കിക്കൊണ്ടുമായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം.

ഉത്തരവിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.