മെട്രോയുടെ ഉദ്ഘാടന തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ; തെറ്റ് തിരുത്തി കടകംപള്ളി സുരേന്ദ്രന്‍

single-img
19 May 2017

കണ്ണൂര്‍: മെട്രോയുടെ ഉദ്ഘാടന തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കും. മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തന്നെ മെട്രോ ഉദ്ഘാടനത്തെ കുറിച്ച് പ്രതികരിച്ചതോടെ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒഴിവാക്കി ഉദ്ഘാടനമെന്നല്ല താന്‍ പറഞ്ഞതെന്നും പ്രധാനമന്ത്രിക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചാല്‍ എന്ത് ചെയ്യുമെന്നാണ് താന്‍ വിവരിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സൗകര്യമുള്ള തീയതിക്കായി കാക്കുകയാണെന്നും ഏപ്രില്‍ 11ന് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചതായും കടകംപള്ളി വിശദീകരിച്ചു.