വാണാ ക്രൈ ആക്രമണം തലസ്ഥാനത്തും; ഇപ്രാവശ്യം പോലീസ് എ എസ് ഐയുടെ വീട്ടിലെ കമ്പ്യൂട്ടറിലാണ്

single-img
19 May 2017

തിരുവനന്തപുരം/നെയ്യാറ്റിന്‍കര: തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വാണാ ക്രൈ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കരമന പോലീസ് സ്റ്റേഷനിലെ എ എസ് ഐ മധു മോഹന്റെ വീട്ടിലെ കമ്പ്യൂട്ടറിലാണ് സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്. മോചന ദ്രവ്യമായി ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത് 300 ഡോളറാണ്.

ഇന്ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സംഭവം. മകള്‍ നെറ്റില്‍ നിന്നും ഡാറ്റ കളക്ട് ചെയ്യുന്നതിനിടയില്‍ ഇമെയിലുകളുടെ രൂപത്തില്‍ വാണാക്രൈ ഫയലുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതു തുറന്ന നിമിഷം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഫയലുകള്‍ തുറക്കാന്‍ പണമാവശ്യപ്പെടുന്ന പോപ്-അപ് വിൻഡോകൾ പ്രത്യക്ഷമായി. 300 ഡോളറാണ് പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട തുക. ഇത് മൂന്നു ദിവസത്തിനുള്ളില്‍ നല്‍കണം. അല്ലെങ്കില്‍ തുക ഇരട്ടിയായി 600 ഡോളര്‍ നല്‍കണമെന്നുമാണ് ആവശ്യം. ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നാണ് സൈബര്‍ ഹാക്കര്‍മാരുടെ സന്ദേശമെന്ന് മധു മോഹന്‍ ഇ-വാര്‍ത്തയോട് പറഞ്ഞു.

വിവരം സൈബര്‍ സെല്ലിലും പോലീസ് സ്‌റ്റേഷനിലും അറിയിച്ചിണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ പലയിടങ്ങളില്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വാണാക്രൈ’ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററില്‍ നിന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് വെള്ളിയാഴ്ച ഐടി മിഷന് ലഭിച്ചു. ഐടി മിഷന്‍ ഡാറ്റാ സെന്ററിന്റെ സൈബര്‍ സുരക്ഷയും ശക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.