സവർണ്ണജാതിയിൽപ്പെട്ടവർക്ക് സംവരണം ലഭിക്കുന്ന രാജസ്ഥാനിലെ ഒരു പ്രദേശത്തിന്റെ കഥ

single-img
18 May 2017

കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിലെ ചർച്ചമുഴുവൻ സംവരണത്തെക്കുറിച്ചാണു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാമ്പത്തികസംവരണവാദപ്രസംഗം മാത്രമല്ല അതിനു കാരണം. ഫെയ്സ്ബുക്കിൽ പത്തുലക്ഷത്തിലധികം ഫോളോവർമാരുള്ള ‘ട്രോൾ മലയാളം’ എന്ന ട്രോൾ പേജ് ജാതി അടിസ്ഥാനമാക്കിയ സംവരണത്തിനെതിരേ ഒരു ക്യാമ്പയിൻ ആരംഭിച്ചതാണു പുതിയ വിവാദം.

ചർച്ചകളുടെ പ്രധാനവിഷയമാകുന്നത് സാമ്പത്തിക സംവരണം വേണമോ എന്നതും സാമ്പത്തികമായോ മറ്റേതെങ്കിലും രീതിയിലോ പിന്നോക്കം നിൽക്കുന്ന സവർണ്ണ സമുദായത്തിൽപ്പെട്ടവർക്ക് സംവരണം ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളുമാണു. സംവരണം എന്നതു ആരെയും സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരാനുള്ള ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി അല്ലായെന്നും മറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്തുക എന്നതാണെന്നുമൊക്കെയുള്ള അടിസ്ഥാനവസ്തുതകൾ മനസ്സിലാക്കാത്തവരാണു ഇത്തരം ചർച്ചകളിൽ അഭിരമിക്കുന്നത്. എന്നാൽ ഞാനിവിടെ പറയാൻ പോകുന്നത് ഒരുപക്ഷേ മലയാളികൾ കേട്ടിരിക്കാനിടയില്ലാത്ത മറ്റൊരു കഥയാണു. സവർണ്ണജാതിയിൽപ്പെട്ടവർക്ക് സംവരണം ലഭിക്കുന്ന ദക്ഷിണ രാജസ്ഥാനിലെ ഒരു പ്രദേശത്തിന്റെ കഥ.

2013- ജൂൺ പതിനാറിനു രാജസ്ഥാനിലെ അശോക് ഘെലോട്ട് നയിക്കുന്ന കോൺഗ്രസ്സ് സർക്കാർ  തെക്കൻ രാജസ്ഥാനിലെ ആദിവാസിഭൂരിപക്ഷമേഖലയിൽ (ഷെഡ്യൂൾഡ് ഏരിയ) സംവരണേതര സമുദായങ്ങളിൽപ്പെട്ടവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു. മൂന്നുവർഷത്തോളം തുടർന്ന ഈ നിയമം 2016 മേയിൽ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഹൈക്കോടതിവിധിയെ മറികടന്നുകൊണ്ട് വസുന്ധര രാജ സിന്ദിയ സർക്കാർ പുറപ്പെടുവിച്ച പുതിയ സർക്കുലർ ഗവർണ്ണർ കല്യാൺ സിംഗ് അംഗീകരിച്ചതോടെ ഈ നിയമം വീണ്ടും പ്രാബല്യത്തിൽ വരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.

ഇതിനോടനുബന്ധിച്ചു ഈ മേഖലയിൽ കഴിഞ്ഞവർഷം നടന്ന സമാന്തരമായ മൂന്നു സാമുദായികപ്രക്ഷോഭങ്ങളെക്കുറിച്ചു നേരിട്ടുമനസ്സിലാക്കാൻ വേണ്ടി ഞാൻ അവിടെപ്പോകുകയും പ്രദേശത്തെ സാമുദായിക-രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തിന്റെ ജനസംഖ്യാ ശാസ്ത്രവും ചരിത്രവും ജാതിസമവാക്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കുറച്ചധികം വസ്തുതകൾ കൂടി അറിയേണ്ടതുണ്ട്.


ഷെഡ്യൂൾഡ് ഏരിയ

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലെ ആർട്ടിക്കിൾ 244(1) പ്രകാരം രാഷ്ട്രപതിയ്ക്ക് ഒരു പ്രത്യേകമേഖലയെ ഷെഡ്യൂൾഡ് ഏരിയ ആയി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. ആദിവാസിജനസംഖ്യ കൂടുതൽ ആകുക, വികസനമുരടിപ്പ് ഉണ്ടാകുക, പ്രകടമായ സാമ്പത്തിക അസമത്വം ഉണ്ടാകുക എന്നിവയാണു ഇത്തരത്തിൽ ഷെഡ്യൂൾഡ് ഏരിയ ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം.പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ‘ട്രൈബൽ സബ് പ്ലാൻ (TSP)‘ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു. പട്ടികവർഗ്ഗമേഖലകളിലെ മനുഷ്യവിഭവവികസനം, ദാരിദ്ര്യനിർമ്മാർജ്ജനം, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണു ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. സംസ്ഥാനതലത്തിലുള്ള ഒരു ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ആണു ടി എസ് പി  ഏരിയകളുടെ മേൽനോട്ടം വഹിക്കുക. രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഷെഡ്യൂൾഡ് ഏരിയകൾ എല്ലാം ടി എസ് പി മേഖലകൾ കൂടിയാണു.ദുംഗർപ്പൂർ, ബാൻസ്വാഡ, പ്രതാപ്ഗഡ്, സിരോഹി, ഉദയ്പ്പൂർ,ചിത്തോഡ്ഗഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണു രാജസ്ഥാനിലെ ടി എസ് പി മേഖല. ഇവിടങ്ങളിലെ ശരാശരി ആദിവാസി ജനസംഖ്യ. മൊത്തം ആദിവാസിജനസംഖ്യയുടെ 72 ശതമാനമാണു. ടി എസ് പി മേഖലയിലെ നോൺ ഗസറ്റഡ് തസ്തികളിൽ 45 ശതമാനം ആദിവാസികൾക്കായി സംവരണം ചെയ്തിരിക്കുകയാണു. പ്രദേശത്തെ സർക്കാർ ജോലികളിൽ ആദിവാസി പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണു ഇപ്രകാരം ചെയ്യുന്നത്.


കഴിഞ്ഞവർഷം മേയ് 27-ആം തീയതി ബാൻസ്വാഡ ടൌണിൽ ഒരുലക്ഷത്തോളം പേർ അണിനിരന്ന ഒരു റാലി സംഘടിപ്പിക്കപ്പെട്ടു. ആദിവാസി ദാഹദ് റാലി എന്നു പേരിട്ട ഈ റാലി സംഘടിപ്പിച്ചത് ‘ആദിവാസി ആരക്ഷൺ മഞ്ച് മിഷൻ 73 ജില്ലാ സംഘർഷ് സമിതി’ എന്ന ഒരു സംഘടനയായിരുന്നു. പ്രദേശത്തെ സർക്കാർ ജോലികളിൽ ആദിവാസികൾക്ക് 73 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണു ഈ റാലി നടത്തിയത്.

സമാനതാ മഞ്ച് നടത്തിയ പ്രക്ഷോഭറാലി| ഫോട്ടോ: രാജസ്ഥാൻ പത്രിക

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദുംഗർപൂർ ജില്ലയിലെ സാഗ്വാര എന്ന പട്ടണത്തിൽ ഏതാണ്ട് ഒരുലക്ഷത്തോളം പേർ അണിനിരന്ന ‘ധിക്കാർ റാലി’ സംഘടിപ്പിക്കപ്പെടുന്നു. സമാനതാ മഞ്ച് എന്നപേരിൽ സംവരണേതര സമുദായങ്ങളുടെ കൂട്ടായ്മയാണു ഈ സമരം സംഘടിപ്പിച്ചത്. ടി എസ് പി മേഖലയിലെ സംവരണേതര സമുദായങ്ങൾക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുക എന്ന ആശയവുമായി വർഷങ്ങളായി സമരം ചെയ്യുന്ന സംഘടനയാണു. 2013-ൽ അശോക് ഘെലോട്ട് സർക്കാർ ടി എസ് പി മേഖലയിലെ സംവരണേതര സമുദായങ്ങൾക്ക് മുൻഗണന നൽകുന്ന തീരുമാനത്തിലേയ്ക്ക് നീങ്ങാൻ കാരണമായത് സമാനതാ മഞ്ചിന്റെ തുടർച്ചയായ സമരങ്ങളാണ്. ബ്രാഹമണരും രാജ്പുത്ത് സമുദായക്കാരുമാണു സമാനതാ മഞ്ചിനെ നയിക്കുന്നത്. ടി എസ് പി മേഖലയിൽ പ്രത്യേകസംവരണമില്ലാത്തതുകൊണ്ട് ഓബിസി വിഭാഗക്കാരും സമാനതാ മഞ്ചിലുണ്ട്. 45 ശതമാനം എസ് ടി സംവരണവും അഞ്ചുശതമാനം അഞ്ചു ശതമാനം എസ് എസി സംവരണവും കഴിഞ്ഞുള്ള ബാക്കി അൻപതു ശതമാനം ഒഴിവുകൾ ടി എസ് പി മേഖലയിലുള്ള സംവരണേതര വിഭാഗങ്ങൾക്കായി സംവരണം ചെയ്തുകൊണ്ടാണു ഘെലോട്ട് സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടേയാണു സമാനതാമഞ്ച് വീണ്ടും സമരത്തിലേയ്ക്ക് നീങ്ങിയത്.

ജൂൺ പതിനേഴിനു മറ്റൊരു റാലിയുമായി ബാൻസ്വാഡ പട്ടണത്തിലെത്തിയത് പട്ടികജാതി വിഭാഗക്കാരാണു. ‘അധികാർ റാലി’ എന്നു പേരിട്ട ഈ സമരം നടത്തിയത് അനുസൂചിത് ജാതി ആരക്ഷൺ സംഘർഷ് സമിതി മിഷൻ 16 എന്ന സംഘടനയാണു ഈ സമരം സംഘടിപ്പിച്ചത്. ടി എസ് പി മേഖലയിൽ ദളിത് (എസ് സി) വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള 5 ശതമാനത്തിൽ നിന്നും 16 ശതമാനമായി ഉയർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രക്ഷോഭം.

ഈ മൂന്നു സാമുദായികസമരങ്ങൾ കത്തിനിൽക്കുന്ന സമയത്താണു ഞാൻ ഉദയ്പ്പൂരിലെത്തുന്നത്. ദുംഗർപ്പൂരിലുള്ള ആക്ടിവിസ്റ്റ് സുഹൃത്തുക്കൾ എന്നോട് ഈ സമരങ്ങളെ ഒന്നു നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. ആദ്യം ഞാൻ പോയിക്കണ്ടത് കെ കെ ഗുപ്തയെ ആയിരുന്നു. ദുംഗർപ്പൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ആയ കെ കെ ഗുപ്ത എന്ന കൃഷ്ണകാന്ത് ഗുപ്ത സമാനതാ മഞ്ചിനെ പിന്തുണയ്ക്കുന്ന ബിജെപി നേതാവാണു. ദുംഗർപ്പൂരിന്റെ വികസനനായകനായി ഉയർന്നുവരുന്ന കെ കെ ഗുപ്ത ഒരു വലിയ ബിസിനസ് മാഗ്നറ്റ് ആണു. കെ കെ ഗുപ്ത കൺസ്ട്രക്ഷൻസ്, ഓട്ടോമൊബൈൽ വ്യാപാരം, റിസോർട്ടുകൾ എന്നിങ്ങനെ കോടികളുടെ ബിസിനസ് സാമ്രാജ്യം തന്നെയുള്ള ഇദ്ദേഹമാണു സമാനതാ മഞ്ചിനെ സാമ്പത്തികമായി സ്പോൺസർ ചെയ്യുന്നത്. തന്ത്രശാലിയായ കെ കെ ഗുപ്ത സമാനതാ മഞ്ചിന്റെ പത്തിന ആവശ്യങ്ങളിലൊന്നായ അൻപതു ശതമാനം സംവരണത്തെക്കുറിച്ചു മാത്രമേ എന്നോട് സംസാരിക്കാൻ തയ്യാറായുള്ളൂ. അതുകൊണ്ടുതന്നെ ദുംഗർപ്പൂരിൽ നിന്നും അൻപതു കിലോമീറ്റർ അകലെ ആസ്പൂരിലുള്ള രാജ്പുത്ത് സാമുദായികനേതാവ് കമലേന്ദ്ര സിംഗ് ചുണ്ടാവത്തിനെ കാണുവാൻ ഞാൻ തീരുമാനിച്ചു.

ആസ്പൂർ എന്നത് രാജ്പുത്തുകൾ ഫ്യൂഡൽ മാതൃകയിൽ ഭരിക്കുന്ന ഒരു പ്രദേശമാണു. സമാനതാമഞ്ചിന്റെ നേതാക്കളിൽ രണ്ടാമനാണു കമലേന്ദ്ര സിംഗ്. സാഗ്വാഡയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിൽ പ്രസിഡന്റിന്റെ കസേരയിലിരുന്നാണു കമലേന്ദ്രസിംഗ് എന്നോട് സംസാരിച്ചത്. (ഇദ്ദേഹമല്ല പ്രസിഡന്റ്). ടി എസ് പി മേഖലയിലെ പഞ്ചായത്ത്, അസംബ്ലി അടക്കമുള്ള എല്ലാ സീറ്റുകളും ആദിവാസികൾക്ക് സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രസിഡന്റിന്റെ കസേരയടക്കം ഭരിക്കുന്നത് രാജ്പുത്തുകളാണെന്ന് എനിക്കു മനസ്സിലാക്കാൻ സാധിച്ചു. കമലേന്ദ്ര സിംഗ് എന്നോട് സമാനതാ മഞ്ചിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ചു.

“ ടി എസ് പി മേഖലയിലെ  ആദിവാസികളുടെ കൈവശമുള്ള ഭൂമി ആദിവാസികൾക്കല്ലാതെ ആർക്കും വാങ്ങുവാനോ വിൽക്കുവാനോ സാധിക്കില്ല. ഞങ്ങളെപ്പോലുള്ളവർക്ക് ഒരു ബിസിനസ് നടത്തണമെങ്കിൽ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ ബിനാമിയാക്കി വെയ്ക്കേണ്ട ഗതികേടാണു,” കമലേന്ദ്ര സിംഗ് പറഞ്ഞു.

(സമതാ വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസിലെ സുപ്രീം കോടതിവിധിയാണു ഞാൻ അപ്പോൾ ഓർമ്മിച്ചത്. സർക്കാർ ഉടമസ്ഥതയിലോ ആദിവാസി ഉടമസ്ഥതയിലോ ഉള്ള വനഭൂമിയോ കൃഷിഭൂമിയോ ആദിവാസികളല്ലാത്തവർക്ക് ലീസിനു കൊടുക്കാൻ പാടില്ല എന്നായിരുന്നു ആ വിധി. ഇതൊക്കെ വെറും കടലാസ് നിയമങ്ങളാണു സവർണ്ണ ഫ്യൂഡലിസം കൊടികുത്തിവാഴുന്ന വടക്കേ ഇന്ത്യയിൽ.)

അതുകൊണ്ട് ഭൂമി കൈമാറ്റത്തിലെ ഈ വ്യവസ്ഥകൾ എടുത്തുകളയണം എന്നതാണു സമാനതാ മഞ്ചിന്റെ ഒരു ആവശ്യം. ബി ജെ പിയുടെ  സംസ്ഥാന വൈസ് പ്രസിഡന്റും രാജസ്ഥാൻ പി എസ് സി മെമ്പറും ഒക്കെ ആയിരുന്ന ശങ്കർ സിംഗ് സോളങ്കി (സമാനതാ മഞ്ചിന്റെ നേതാക്കളിൽ ഒരാളാണു) ഇതിനെ ന്യായീകരിക്കുന്നത് നോക്കുക:

“ ഭൂമി മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കുന്ന അവസ്ഥ വന്നാൽ അവരുടെ ഭൂമിയ്ക്കു നല്ല വില ലഭിക്കും. അതു അവരെ സാമ്പത്തികമായി ഉയർത്തുകയേയുള്ളൂ,” സോളങ്കി പറയുന്നു.

എന്നാൽ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ജനവിഭഗത്തിന്റെ കയ്യിലുള്ള ചെറിയ തുണ്ട് ഭൂസ്വത്തുക്കൾ മൊത്തമായി പ്രദേശത്തെ മൈനിംഗ്-ലാൻഡ് മാഫിയയുടെ കൈകളിൽ എത്തിക്കാനേ ഇതു ഉതകൂ എന്നതാണു യാഥാർത്ഥ്യം. 1981-ലെ പ്രശസ്തമായ വമൻ റാവു വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണു. കൃഷി ഉപജീവനമാക്കിയ ഒരു സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക പദവി നിർണ്ണയിക്കുന്നതിൽ ഭൂമിയ്ക്ക് വലിയ പങ്കുണ്ട് എന്നാണു കോടതി നിരീക്ഷിച്ചത്.

“ദക്ഷിണ രാജസ്ഥാനിലെ ഖനന-ഭൂമാഫിയകൾ ആദിവാസിഭൂമി കൈവശപ്പെടുത്താൻ പലപ്പോഴും പല നിയമങ്ങളും അട്ടിമറിക്കാറുണ്ട്. നിരവധി ആദിവാസി കുടുംബങ്ങളെ പലയിടങ്ങളിൽ നിന്നായി അവർ ഒഴിപ്പിച്ചിട്ടുമുണ്ട്. തുണ്ടു ഭൂമികൾ മാത്രം കൈവശമുള്ള അവിടുത്തെ ആദിവാസി വിഭാഗങ്ങൾക്ക് അതുകൂടി നഷ്ടപ്പെട്ടാൽ അവർ പട്ടിണിയാകും. അവർ എവിടെപ്പോകും? രാജസ്ഥാനിൽ മറ്റൊരു ഛത്തിസ്ഗഡ് നിർമ്മിക്കാനെ അതു സഹായിക്കുകയുള്ളൂ,” സഞ്ജയ് ലോഢ പറയുന്നു. ഉദയ്പ്പൂരിലെ മോഹൻലാൽ സുഖാഡിയ സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസ്സറായ സഞ്ജയ് ലോഢ ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണു.

ദുംഗർപ്പൂർ പട്ടണത്തിലെ മിക്കവാറും എല്ലാ ഭൂമിയും ഇപ്പോൾ സവർണ്ണരുടെ കയ്യിലാണു. പട്ടണത്തിൽ വീടുള്ള ആദിവാസി ആക്ടിവിസ്റ്റ് കാന്തിഭായി തന്റെ വീടിനു ചുറ്റുമുള്ള ഭൂമിയൊക്കെ ചൂണ്ടിക്കാണിച്ച ശേഷം അത് തന്റെ ബന്ധുക്കളുടേതായിരുന്നെന്നും അതെല്ലാം സവർണ്ണർ കൈവശപ്പെടുത്തിയെന്നും പറഞ്ഞത് മറക്കാൻ കഴിയില്ല. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ വിനായകന്റെ കഥാപാത്രം സമാനമായ ഡയലോഗ് പറയുന്ന സീൻ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് കാന്തിഭായിയെ ആയിരുന്നു.

ദുംഗർപ്പൂരിനെ മധ്യപ്രദേശിലെ രത്ലാമുമായി ബന്ധിപ്പിക്കുന്ന ബാൻസ്വാഡ വഴിയുള്ള പുതിയ റെയിൽവേ ലൈനിന്റെ പണി പുരോഗമിക്കുകയാണു. ഈ പുതിയ പാത പ്രദേശത്തിന്റെ ഭൂമി-ബിസിനസ് സമവാക്യങ്ങളെയാകെ മാറ്റിമറിക്കും. ഇതാണു നിലവിലെ ഭൂമികൈമാറ്റ വ്യവസ്ഥിതി അട്ടിമറിക്കാൻ സവർണ്ണർ നയിക്കുന്ന ഭൂമാഫിയയെ പ്രേരിപ്പിക്കുന്നത്.

ടി എസ് പി മേഖലയിലെ അസ്സംബ്ലി-പാർലമെന്റ് സീറ്റുകളും, സർപ്പഞ്ച്, പ്രധാൻ പോലെയുള്ള തദ്ദേശ സ്വയംഭരണ സീറ്റുകളും ആദിവാസികൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണു. 72 ശതമാനം ആദിവാസി ജനസംഖ്യയുള്ള ഒരു സ്ഥലത്ത് അതു സ്വാഭാവികമായ കാര്യം മാത്രമാണു. എന്നാൽ ഇതിൽ സവർണ്ണസമുദായക്കാർക്കും അവസരം നൽകുന്നവിധത്തിൽ റൊട്ടേഷൻ വേണമെന്നതാണു കമലേന്ദ്രസിംഗിന്റെ സമാനതാ മഞ്ചിന്റെ മറ്റൊരു ആവശ്യം. നരേന്ദ്രമോഡി അധികാരത്തിൽ വന്ന ലോക്സഭാ ഇലക്ഷനു ശേഷം പ്രദേശത്തെ എല്ലാ സീറ്റുകളിലും ബി ജെ പി ആണു ജയിക്കുന്നത്. എങ്കിലും ആദിവാസികൾ ഈ സ്ഥാനങ്ങൾ വഹിക്കുന്നത് ബിജെപിയുടെ മുതിർന്നനേതാക്കളായ സവർണ്ണർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഞങ്ങൾ സംസാരിച്ചുകഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അതുവഴി വന്ന ഒരു പഞ്ചായത്ത് പ്രതിനിധിയോട് കമലേന്ദ്ര സിംഗും സുഹൃത്തുക്കളും വാഗ്ഡി ഭാഷയിൽ (വാഗ്ഡി അവിടുത്തെ പ്രാദേശികഭാഷയാണു) എന്തോ തമാശരൂപേണ ചോദിച്ചു. അദ്ദേഹം അതിനു മറുപടി പറഞ്ഞപ്പോൾ ഇവർ അയാളുടെ ചുറ്റും കൂടി നിന്ന് ആർത്തുചിരിക്കുകയും ചെയ്തു. അയാൾ എന്താണു പറഞ്ഞതെന്നു ചോദിച്ച എന്നോട് ‘ഇവനൊന്നും പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകില്ല, പിന്നെയല്ലേ നിങ്ങൾക്ക്’ എന്നാണു കമലേന്ദ്ര സിംഗ് പ്രതികരിച്ചത്.

ദേവൽ ഗ്രാമത്തിലെ ആദിവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒരു കിണർ | ഫോട്ടോ : സുധീഷ് സുധാകരൻ

ശാരീരികക്ഷമതയാവശ്യമുള്ള സർക്കാർ ജോലികളിൽ ആദിവാസികൾക്ക് ശാരീരികക്ഷമതയ്ക്കു നൽകുന്ന ഇളവുകൾ തങ്ങൾക്കും വേണമെന്നതാണു അടുത്ത ആവശ്യം. ‘ഞങ്ങളും കുടിക്കുന്നത് അതെ വെള്ളമാണു. അതേ ഭക്ഷണമാണു ഞങ്ങളും കഴിക്കുന്നത്,’ എന്നായിരുന്നു തന്റെ ഏറ്റവും പുതിയ എസ് യു വി കാറിൽ വന്നിറങ്ങിയ കട്ടി സ്വർണ്ണച്ചെയിനും കൂളിംഗ് ഗ്ലാസ്സും ധരിച്ചു നിന്ന കമലേന്ദ്രസിംഗിന്റെ വാദം. എനിക്കപ്പോൾ ഓർമ്മ വന്നതു അതിന്റെ തലേ ദിവസം മറ്റൊരു വിഷയം അന്വേഷിക്കാൻ ദേവൽ എന്ന ആദിവാസി ഗ്രാമത്തിൽപ്പോയപ്പോൾക്കണ്ട അവർ വെള്ളം ശേഖരിക്കുന്ന കിണർ ആയിരുന്നു. അഴുക്കുചാലിനു സമാനമായ വെള്ളം. കുടിലുകളിൽ ആടുകളുടേയും കോഴികളുടേയും ഒപ്പം ജീവിക്കുന്ന പാവങ്ങൾ. അവർ കഴിക്കുന്ന അതേ ഭക്ഷണമാണു താനും കഴിക്കുന്നതെന്നു പറഞ്ഞ കമലേന്ദ്രസിംഗിനോടെനിക്ക് പുച്ഛമാണു തോന്നിയത്.

കമലേന്ദ്ര സിംഗ് ചുണ്ടാവത് | ഫോട്ടോ: സുധീഷ് സുധാകരൻ

2011-ലെ സെൻസസ്സ് പ്രകാരം രാജസ്ഥാനിലെ ആദിവാസികളിൽ 6.4 ശതമാനം പേർക്ക് മാത്രമേ കുടിക്കാൻ ടാപ്പ് വെള്ളം ലഭ്യമായിട്ടുള്ളൂ. അതേസമയം ആദിവാസിയിതരസമുദായങ്ങളിലെ 33.4 ശതമാനം പേർക്കും ടാപ്പുവഴി വരുന്ന വെള്ളം ലഭ്യമാണു. നാഷണൽ ന്യുട്രിഷൻ മോണിറ്ററിംഗ് ബ്യൂറോ നടത്തിയ സർവേയിലെ കണക്കനുസരിച്ച് പ്രസ്തുത മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കുന്ന പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളുടെ അളവ് ഇതരസമുദായങ്ങളെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്. അതായത് ഭക്ഷണത്തിലും വെള്ളത്തിലുമെല്ലാം ജാതിയുണ്ട് എന്നതു തന്നെയാണു യാഥാർത്ഥ്യം.

യുവമോർച്ചയുടെ ദുംഗർപ്പൂരിലെ മുൻ ജില്ലാ പ്രസിഡന്റും സമാനതാ മഞ്ചിന്റെ ജില്ലാ സെക്രട്ടറിയുമായ രാജീവ് ചൌബിസ ഒരുപടി കൂടെക്കടന്ന് തങ്ങൾ ട്രൈബൽ ബ്രാഹ്മിൺ ആണെന്നുകൂടി പറഞ്ഞു. ഭട്ട് മേവാഡ കഴിഞ്ഞാൽ തെക്കൻ രാജസ്ഥാനിലെ ഏറ്റവും ഉയർന്ന ബ്രാഹ്മണവിഭാഗങ്ങളിലൊന്നാണു ചൌബിസ.

“അവർ ആദിവാസികൾ ആണെന്നു അവർക്കു തോന്നുണ്ടെങ്കിൽ അവർ ഞങ്ങളുടേ കുടിലുകളിൽ വന്നു താമസിക്കട്ടെ. ഞങ്ങളുടെ സംസ്കാരം പിന്തുടരട്ടെ. ഞങ്ങളുടെ കൂട്ടത്തിൽ നിന്നു വിവാഹം കഴിക്കട്ടെ,” എന്നായിരുന്നു കാന്തിഭായി ഇതിനോട് പ്രതികരിച്ചത്.

രാജീവ് ചൌബിസ ഒരു മടിയുമില്ലാതെ സമ്മതിച്ച മറ്റൊരു കാര്യം മൂന്നു സമരങ്ങളേയും ( സമാനതാ മഞ്ച്, ആദിവാസി, ദളിത്) പുറകിൽ നിന്നു നിയന്ത്രിക്കുന്നത് ബി ജെ പി ആണെന്നായിരുന്നു. എല്ലാവരും ഹിന്ദുക്കളാണെന്നും അവരുടെയെല്ലാം കൂടെ ബിജെപി ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൂന്നുസമരങ്ങളെ പിന്തുണച്ചാൽ അതിൽ ആരു ജയിക്കും എന്ന ചോദ്യത്തിനു അയാളുടെ മറുപടി ഇതായിരുന്നു: “ ജയമോ തോൽവിയോ അല്ല ഞങ്ങളുടെ വിഷയം. ഹിന്ദുക്കളിലെ വിവിധവിഭാഗങ്ങൾ ഉൾപ്പെടുന്ന ഈ രാഷ്ട്രീയഭൂമികയിൽ മറ്റാർക്കും ഞങ്ങൾ അവസരം കൊടുക്കില്ല. ആരു ജയിച്ചാലും തോറ്റാലും.”

എന്നാൽ ജയം ആത്യന്തികമായി സവർണ്ണരുടെ ഭാഗത്തായിരുന്നു. സമാനതാ മഞ്ചിന്റെ നേതാക്കളുമായി നേരിട്ടു ബന്ധമുള്ള രാജ്പുത്ത് വിഭാഗക്കാരിയായ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ദിയ ഹൈക്കോടതിയുടെ ഉത്തരവ് മറികടന്നു ടി എസ് പി മേഖലയിലെ സവർണ്ണർക്കുള്ള സംവരണം പുനഃസ്ഥാപിച്ചു. ഭൂമിവിഷയത്തിലും തെരെഞ്ഞെടുപ്പ് സീറ്റുകളിലെ സംവരണം എടുത്തുകളയുവാനും സമാനത മഞ്ചിന്റെ നേതാക്കൾ ഇപ്പോഴും നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ദിയ, കേന്ദ്രത്തിൽ രാജ്നാഥ് സിംഗ് എന്നിവരെ നിരന്തരം കാണുന്നുണ്ട്. പ്രദേശത്തെ ജനപ്രതിനിധികളായ ബിജെപി നേതാക്കൾ തങ്ങളുടെ പാർട്ടിയിലെ സവർണ്ണലോബിയുടെ ആദിവാസിവിരുദ്ധസമരങ്ങളെ നേരിടാൻ ദുർബ്ബലപ്രതിരോധമൊരുക്കുന്ന ദയനീയമായ കാഴ്ച്ചയാണു അവിടെ കാണുവാൻ കഴിഞ്ഞത്.

പരമ്പരാഗതമായി അധികാരം കയ്യാളുന്ന രാജ്പുത്തുകളും ബ്രാഹ്മണരും ബ്രാഹ്മണവൽക്കരിക്കപ്പെട്ട ഓബിസി വിഭാഗങ്ങളും ചേർന്നു ഒരു പ്രദേശത്തെ ഭൂരിപക്ഷമായ ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളും പ്രാതിനിധ്യവും തട്ടിയെടുക്കാൻ നടത്തുന്ന ഈ കളികൾ കണ്ടിട്ടുള്ളയാളെന്നനിലയ്ക്ക് ട്രോൾ മലയാളം പോലുള്ള പേജുകൾ നടത്തുന്ന സംവരണവിരുദ്ധ കാമ്പയിനെ അത്ര നിസാരമായി കാണുവാൻ എനിക്കു കഴിയില്ല. ഒരുതരം കൌണ്ടർ റെവല്യൂഷൻ (പ്രതിവിപ്ലവം) ആണു ഇവർ സംഘടിപ്പിക്കുന്നത്. പഴമയിലേയ്ക്കൊരു തിരിച്ചുപോക്ക്. കീഴ്ജാതിക്കാരെക്കൊണ്ട് ജോലിചെയ്യിച്ച് ഉണ്ടുറങ്ങി വെടിവട്ടവുമായി കഴിഞ്ഞതിന്റെ ഓർമ്മകളാണു ഈ പ്രതിവിപ്ലവത്തിനു അവരെ പ്രേരിപ്പിക്കുന്നത്.