ക്യാബിനറ്റ്‌ പദവി മാത്രം പോര; തന്റെ പാര്‍ട്ടിക്ക് മന്ത്രിയെ വേണമെന്ന് ആര്‍. ബാലകൃഷ്ണപിളള

single-img
18 May 2017

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തതിനു പിന്നാലെ പുതിയ ആവശ്യവുമായി എത്തിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള. തന്റെ പാര്‍ട്ടിക്ക് മന്ത്രിയെ വേണമെന്നും ആളില്ലാത്ത പാര്‍ട്ടിക്ക് വരെ ഇപ്പോള്‍ മന്ത്രിയുണ്ടെന്നും ഇടതുമുന്നണി അംഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു അദ്ദേഹത്തെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചത്.

രണ്ടോ മൂന്നോ പാര്‍ലമെന്റ് സീറ്റ് വരെ ജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് ശമ്പളം വേണ്ടെന്നും ആവശ്യത്തിന് മാത്രം സ്റ്റാഫ് മതിയെന്നും ബാലകൃഷ്ണപിളള പറഞ്ഞു.

കൂടാതെ ഔദ്യോഗിക വസതി വേണ്ടെന്നും പറഞ്ഞ അദ്ദേഹം ഫോര്‍വേഡ് ബ്ലോക്കിന് പോലും യുഡിഎഫില്‍ സ്വീകാര്യത കിട്ടുന്ന കാലമാണിതെന്നും പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നീട് യുഡിഎഫുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നത്.