ഗുജറാത്തിലെ പശുക്കളുടെ തലയില്‍ ഇനി ജി.പി.എസും! ‘ഗോസേവ’ മൊബൈല്‍ ആപ്പിലൂടെ പശുവിനെ എവിടെ നിന്ന് വേണമെങ്കിലും നിരീക്ഷിക്കാം

single-img
18 May 2017

അഹമ്മദാബാദ്: അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണെങ്കിലും പശുക്കളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിന്റെ ശ്രമം. പശുക്കളുടെ തലയില്‍ ജി.പി.എസ് ഉള്‍പ്പെടുത്തിയ ചിപ്പ് ഘടിപ്പിക്കാനാണ് ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്ന് തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 50,000 പശുക്കളുടെ തലയിലാണ് ചിപ്പുകള്‍ ഘടിപ്പിക്കുക. ബെംഗളൂരുവിലെ കമ്പനിയാണ് ചിപ്പുകള്‍ വികസിപ്പിക്കുന്നത്.

ജി.പി.എസിനു പുറമേ, പശുവിന്റെ ഇനം, വയസ്, പാല്‍ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യ വിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയും വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പില്‍ രേഖപ്പെടുത്തി വെയ്ക്കും. ഗോസേവ മൊബൈല്‍ ആപ്പ് വഴി പശുവിന്റെ നീക്കങ്ങള്‍ തത്സമയം ഉടമസ്ഥന് അറിയാനും കഴിയും.

ഗോചാര്‍ വികാസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയയാണ് ഈ പദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം. കന്നുകാലികളെ അറുക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇതുവഴി പരിഹാരം ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പദ്ധതിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പശുസംരക്ഷണത്തിന് സാങ്കേതികവിദ്യകള്‍ നേരത്തേയും ഗുജറാത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. പശുക്കളെ വണ്ടി തട്ടാതിരിക്കാനായി ‘പശു സെന്‍സര്‍’ ഗുജറാത്തിലെ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചിരുന്നു. 80 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സെന്‍സര്‍, പശുക്കള്‍ വാഹനത്തിന് മുന്‍പിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും, അത് വഴി വാഹനം ബ്രേക്ക് ചെയ്ത് പശുവിനെ രക്ഷിക്കാമെന്നതായിരുന്നു ഈ സംവിധാനത്തിന്റെ ഉപയോഗം.