അർണബ് ഗോസ്വാമിക്കെതിരെ ടൈംസ് നൌ മോഷണക്കുറ്റം ചുമത്തി കേസ് ഫയൽ ചെയ്തു

single-img
17 May 2017

കോപ്പിറൈറ്റ് ലംഘനമാരോപിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കെതിരെ ടൈംസ് നൌ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ്, കോൾമാൻ & കോ ലിമിറ്റഡ് ( ബി സി സി എൽ) കേസ് ഫയൽ ചെയ്തു. പുതിയതായി ആരംഭിച്ച റിപ്പബ്ലിക് ചാനലിന്റെ സ്ഥാപകരിലൊരാളും മാനേജിംഗ് ഡയറക്ടറുമായ അർണബ് നേരത്തെ ടൈംസ് നൌ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു.

റിപ്പബ്ലിക് ചാനൽ ലോഞ്ച് ചെയ്യുമ്പോൾ എക്സ്പോസ് എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ ഉപയോഗിച്ച ഓഡിയോ-വീഡിയോ ഡോക്യുമെന്റുകൾ ടൈംസ് നൌ ചാനലിന്റേതാണെന്നാരോപിച്ചാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുംബൈയിലെ ആസാദ് മൈദാൻ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 378, 379 (മോഷണം), 403 ( ജംഗമവസ്തുക്കൾ അന്യായമായി കൈവശപ്പെടുത്തൽ), 405, 406,409 ( വിശ്വാസവഞ്ചന), 411 (മോഷണവസ്തു അറിഞ്ഞുകൊണ്ട് സ്വീകരിക്കൽ), 414 (മോഷണവസ്തു ഒളിപ്പിക്കാൻ സഹായിക്കൽ), 418 ( ബോധപൂർവ്വമുള്ള വഞ്ചന) എന്നീ വകുപ്പുകളും കൂടാതെ, ഐടി ആക്ടിലെ 66-ബി, 72, 72- എ എന്നിവയും ചുമത്തിയിട്ടുണ്ട്.

മേയ് ആറിനു സംപ്രേഷണം ആരംഭിച്ച റിപ്പബ്ലിക് ചാനലിന്റെ ആദ്യത്തെ സ്റ്റോറി, ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരേ ആയിരുന്നു. ജയിലിൽക്കഴിയുന്ന ഷഹാബുദ്ദിൻ ലാലുപ്രസാദുമായി നടത്തിയ ഫോൺ സംഭാഷണങ്ങളായിരുന്നു റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. പിന്നീട് മേയ് എട്ടിനു പുറത്തുവിട്ട മറ്റൊരു വെളിപ്പെടുത്തലിൽ ലോക്സഭാ എമ്പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനനദ പുഷ്കറുമായി മുൻ ടൈംസ് നൌ റിപ്പോർട്ടർ ശ്രീദേവി നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടിരുന്നു. സുനന്ദയുടേ ദുരൂഹമരണത്തിൽ ശശി തരൂരിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സംഭാഷണാങ്ങളായിരുന്നു ഇവ.

മേൽപ്പറഞ്ഞ രണ്ടു വെളിപ്പെടുത്തലിലും ഉപയോഗിച്ച ഓഡിയോ ടൈംസ് നൌ ചാനലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും അതു മറ്റൊരു ചാനലിന്റെ ആവശ്യത്തിനായി ഉപയോഗിച്ചത് കോപ്പി റൈറ്റ് ലംഘനമാണെന്നും ആരോപിച്ചാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.