ബംഗളൂരുവിൽ വി ഐ പികളെ ട്രാക്ക് ചെയ്യാൻ കഴിവുള്ള ചൈനീസ് സ്പൈ ഡ്രോണുകൾ പിടിച്ചെടുത്തു

single-img
17 May 2017

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പത്ത് ചൈനീസ് നിർമിത സ്പൈ ഡ്രോണുകൾ ബംഗളൂരുവിൽ പിടിച്ചെടുത്തു. കെമ്പഗൌഡ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണു ചൈനീസ് നിർമ്മിതമായ  അത്യാധുനിക DJI Phantom-4 PRO ഡ്രോണുകൾ പിടിച്ചെടുത്തത്. ആറായിരം മീറ്റർ വരെ പറക്കാൻ ശേഷിയുള്ള ഇവ കടുത്ത സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു.

തടസ്സങ്ങളെ സ്വയം തിരിച്ചറിഞ്ഞു മുന്നോട്ട് പറക്കാൻ കഴിയുന്ന ഇവയ്ക്ക് 72 കിലോമീറ്റർ പ്രതി മണിക്കൂർ വേഗത്തിൽ പറക്കുവാൻ സാധിക്കും. ഒരു ടാബ്ലറ്റ് പോലെയുള്ള ഉപകരണം വഴി നിയന്ത്രിക്കുന്ന ഇവയ്ക്ക് നമ്മൾ മാർക്ക് ചെയ്തു കൊടുക്കുന്ന ജി പി എസ് ലൊക്കേഷനിൽ എത്താൻ കഴിയും. ജി പി എസുമായും റഷ്യൻ സാങ്കേതിക വിദ്യയായ GLONASS (GLobal NAvigation Satellite System)മായും കംപാറ്റിബിൾ ആണു ഡി ജെ ഐ ഫാന്റം 4 വിഭാഗത്തിൽപ്പെട്ട ഡ്രോണുകൾ.

രണ്ടു കിലോമീറ്റർ അകലെ നിന്നു വരെ മിഴിവേറിയ വീഡിയോകൾ (4K resolution) സ്ട്രീം ചെയ്യാനും ചിത്രങ്ങൾ (20 മെഗാ പിക്സൽ) അയയ്ക്കാനും ഇവയ്ക്കു കഴിയും. അരക്കിലോഗ്രാം വരെ ഭാരം വഹിച്ച് പറക്കുവാനുള്ള കഴിവും ഇവയ്ക്കുണ്ട്.

വീഡിയോയിലെ ഒരു പ്രത്യേക വസ്തുവിനെ സെലക്ട് ചെയ്തു നൽകിയാൽ അതിന്റെ നീക്കങ്ങളെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ടാബ്ലറ്റ് സ്ക്രീനിൽക്കാണുന്ന ദ്ര്ശ്യത്തിൽ നിന്നും ടാപ് ചെയ്തു ഇത്തരത്തിൽ സെലക്ട് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഒരു ആൾക്കൂട്ടത്തിൽനിന്നും ഒരാളെ സെലക്ട് ചെയ്തശേഷം അയാളെ പിന്തുടരാനും അയാളെ നിരീക്ഷിക്കാനും ഈ ഉപകരണത്തിനു സാധിക്കും. ഈ സംവിധാനം ഉപയോഗിച്ചു വി ഐ പികളേയും മറ്റും നിരീക്ഷിക്കാൻ സാധിക്കുമെന്നതാണു ഇതുയർത്തുന്ന സുരക്ഷാ പ്രശ്നമെന്ന് വിദഗ്ദ്ധർ പറയുന്നു.

വളരെച്ചെറിയ വലുപ്പമുള്ള ഈ ഡ്രോൺ അതിന്റെ പരമാവധി ഉഅയരത്തിൽപ്പറക്കുമ്പോൾ ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുകയില്ല. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍ പോലെയുള്ള ചെറു ബഹിരാകാശ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടത്തെക്കുറിച്ചും വളരെയധികം ശ്രദ്ധയിലാണ് വ്യോമസേന.

പിടിയിലായ യാത്രികനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണു.