യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം തകര്‍ത്ത സംഭവം:എസ് ഐ സമ്പത്തിന്റെ സസ്‌പെന്‍ഷന്‍ സ്ഥലമാറ്റത്തില്‍ ഒതുക്കും, മര്‍ദ്ദനമേറ്റ ഷജീറിനെതിരെ ഗാര്‍ഡിനെ മര്‍ദ്ദിച്ചതിന് കേസ്

single-img
17 May 2017


യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം പ്രസിഡന്റ് ഷജീറിന്റെ ജനനേന്ദ്രിയം അടിച്ചു തകര്‍ത്ത സംഭവത്തില്‍ നേമം എസ്ഐ സമ്പത്തിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേഷന്‍ മാറ്റത്തില്‍ ഒതുക്കാൻ നീക്കം. കമ്മീഷ്ണര്‍ ഇറക്കിയ ഉത്തരവ് കൈമാറാതെ എസ് ഐ സമ്പത്തിന് അവധി നല്‍കിയാണ് പോലീസും ഭരണകൂടവും സമ്പത്തിനെ കേസില്‍ സഹായിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സ്പര്‍ജന്‍ കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്നാണു അദ്ദേഹം ഇവാർത്തയോട് പ്രതികരിച്ചത്. അതേസമയം എസ്.ഐ അഞ്ചു ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണു. അതിനിടെ എസ് ഐ സമ്പത്തിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേഷന്‍ മാറ്റത്തിൽ ഒതുക്കാനും അണിയറയിൽ നീക്കം നടക്കുന്നുണ്ട്. തിരുവല്ലം സ്റ്റേഷനിലേക്കാകും ഇദ്ദേഹത്തെ മാറ്റുക.

അതിനിടെ പ്രതിയുമായെത്തിയ ഷജീര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറിനെ കൈയ്യേറ്റം ചെയ്തതായി കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേ പറ്റി കൂടുതല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഷജീർ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്‌റ്റേഷനിലുള്ളിലെ സിസിടിവില്‍ പതിഞ്ഞിട്ടില്ല എന്ന വിശദീകരണമായിരുന്നു പോലീസില്‍ നിന്നും ലഭിച്ചത്.

മർദ്ദനത്തിൽ ക്രുരമായി പരിക്കേറ്റ ഷജീറിനെ കാണാനെത്തുമ്പോള്‍ അദ്ദേഹം തിരുവല്ലം പോലസ് സ്‌റ്റേഷനില്‍ ആയിരുന്നതായി കോവളം എം.എല്‍.എ വിന്‍സെന്റ് ഇവാർത്തയോട് പ്രതികരിച്ചു. നേമം പോലീസ് സ്‌റ്റേഷനില്‍ നിന്ന് അദ്ദേഹത്തെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പോലീസില്‍ നിന്ന് അറിയാന്‍ സാധിച്ചതായാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന ഷജീറിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശക്തമായി ഇടപെടേണ്ടി വന്നതായും എം എല്‍ എ സൂചിപ്പിച്ചു.

മർദ്ദനത്തിനിരയായ സജീർ

അതിനിടെ എസ്ഐ സമ്പത്തിനു പിന്തുണ പ്രഖ്യാപിച്ച്, മർദ്ദനമേറ്റ ഷജീര്‍ യൂത്ത് കോൺഗ്രസിന്റെ സ്ഥിരം ക്രിമിനലാണെന്ന പ്രചാരണവും സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം അനുഭാവികൾ ഉയർത്തുന്നുണ്ട്. നേഴ്സിനെ അടിച്ച കേസ്, 16 വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസ് തുടങ്ങിയ കേസുകളാണു ഷജീർ സ്ഥിരം ക്രിമിനലാണെന്ന് സ്ഥാപിക്കാനായി സിപിഎം അനുഭാവികൾ പ്രചരിപ്പിയ്ക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിറിക്കെ ശാന്തിവിള ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികില്‍സക്കെത്തിയ രോഗികള്‍ക്ക് മരുന്ന് നല്‍കാതിരുന്ന നഴ്‌സിനെതിരെ അന്നത്തെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയും എന്നാല്‍ ഈ പരാതിക്ക് ബദലെന്നോണം തന്റെ ജോലി സംരക്ഷിക്കാന്‍ നഴ്‌സ് മുന്‍കൂര്‍ പരാതി പോലീസിന് സമര്‍പ്പിക്കുകയായിരുന്നു എന്നാണു ഇതേപറ്റിയുള്ള അന്വേഷണത്തിൽ ഇവാർത്തയ്ക്ക് അറിയാൻ സാധിച്ചത്. കാമുകീകാമുകന്മാരെ സഹായിച്ചതുമായി ബന്ധപ്പെട്ടാണു ഷജീറിനെതിരേ ഉയർന്നിരിയ്ക്കുന്ന മറ്റൊരു കേസ്. ഷജീറിന്റെ കൂട്ടുകാരനായ വഴിമുക്ക് നിഷാദ് തന്റെ കാമുകിയായ യുവതിയെ വിവാഹം കഴിയ്ക്കുന്നതിനായി വിളിച്ചു കൊണ്ട് വന്നിരുന്നു.പ്രായപൂര്‍ത്തിയാകാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയാണു ഷജീറിന്റെ സുഹൃത്ത് പെൺകുട്ടിയെ വിവാഹം ചെയ്യാനായി വിളിച്ചു കൊണ്ട് വന്നത്. ഇവരെ സഹായിച്ചതിനെത്തുടർന്ന് പൊതുപ്രവർത്തകനായ ഷജീറിന്റെ പേരും എഫ്.ഐ.ആറിൽ ഉൾപ്പെട്ടു. ഇതിൽ പ്രതിയായി ഉൾപ്പെട്ടിരുന്ന ഷജീറിന്റെ സുഹൃത്ത് നിഷാദ് അതേ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുകയാണു. ഇതിൽ ഇവർക്ക് ഒരു കുട്ടിയും ഉണ്ട്.

അതിനിടെ മര്‍ദ്ദനമേറ്റ ഷജീറിനെ ജനറല്‍ ഹോസ്പിറ്റലിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ഇദ്ദേഹത്തെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. സ്കാനിങ്ങിനു ശേഷം തുടർചികിൽസകൾ നൽകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ ഇവാർത്തയോട് പറഞ്ഞു.