സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം; ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ ഡിവൈഎഫ്ഐയുടെ പരാതി

single-img
17 May 2017

തിരുവനന്തപുരം: രാശ്ട്രീയ താല്‍പര്യത്താല്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എന്‍ഡിഎ നേതാവും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ കണ്ണൂരില്‍ നിന്നും പരാതി. പയ്യന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി ട്വീറ്റ് ചെയ്തിരുന്നു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കാട്ടിയാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജ് വികെ എസ്പിക്ക് പരാതി നല്‍കിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പരിയാരം മെഡിക്കല്‍ കോളെജിലെ ആംബുലന്‍സ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ ഭാഗമായി തകര്‍ത്തിരുന്നു. അതേസമയത്ത് തന്നെ രാജീവ് ചന്ദ്രശേഖര്‍ എംപി ”Even Before Funeral Procession Starts, Marxists Attacks hospital, ambulance carrying body of RSS worker Biju Police Watch helplessly” എന്ന ട്വിറ്റര്‍ പോസ്റ്റ് റിട്വീറ്റ് ചെയ്തതായി കാണുന്നുണ്ട്.

തികച്ചും വ്യാജമായ ഈ ആരോപണം രാഷ്ട്രീയ താത്പര്യത്താലാണ് നടത്തിയിട്ടുളളതെന്നും സനോജ് പരാതിയില്‍ പറയുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുളള വൈരാഗ്യം ആളിക്കത്തിച്ച് നാട്ടില്‍ അസമാധാനം സൃഷ്ടിച്ച് ജനങ്ങളുടെ സൈര്യജീവിതം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ജനവിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തുന്നതിനാണ് ഇവരുടെ ശ്രമം.

സിപിഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലവനെതിരെ 153 എ അടക്കമുളളവ ചുമത്തി കേസെടുക്കണമെന്നും ഡിവൈഎഫ്ഐ കണ്ണൂര്‍ എസ്പിയോട് ആവശ്യപ്പെട്ടു.