നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരങ്ങളില്ല; മന്ത്രിമാരുടേത് നിരുത്തരവാദപരമായ സമീപനം, എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്

single-img
17 May 2017

തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍. നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് സ്പീക്കറുടെ റൂളിങ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി വസ്തുതാപരമാണ്. മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കാത്തതിനെ നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു. ചട്ടം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുളളത്. ന്യായീകരണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ഇന്നും അവതരണാനുമതി നിഷേധിച്ചു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്‌യു
നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജും തുടര്‍ന്ന് പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ നിഷേധിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എ ഹൈബി ഈഡന്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. കെഎസ്‌യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാര്‍ജിന്റെ ഫോട്ടോകളുമായിട്ടാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദിച്ചതെന്നും വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് ആക്രമിച്ചുവെന്നും ഹൈബി അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞു. അതേസമയം കല്ലുകളും വടികളുമായിട്ടാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയതെന്ന് മുഖ്യമന്ത്രി വിശദമാക്കി. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മനപൂര്‍വം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ആര്‍ക്കും ഗുരുതര പരുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.