ബി.ജെ.പിയുടെ പ്രചരണങ്ങള്‍ ഫലം കണ്ടില്ല; ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

single-img
17 May 2017

കൊല്‍ക്കത്ത: ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലു നഗരസഭകളും തൃണമൂല്‍ കോണ്‍ഗ്രസ് നേടി. മൂന്ന് നഗരസഭകള്‍ ഖൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജി.ജെ.എം) നേടി. അതേ സമയം ബംഗാള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ബി.ജെ.പിക്ക് മൂന്ന് സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇടതുപാര്‍ട്ടികള്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലും മാത്രമാണ് ജയിച്ചത്.

കുര്‍സിയോങ്, ഡാര്‍ജീലിങ്, മിരിക്, കാലിംപോങ്, പുജാലി, രായ്ഗഞ്ച്, ദോംകല്‍ എന്നീ മുനിസിപ്പാലിറ്റികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പുജാലി, രാജ്ഗഞ്ച്, ദോംകല്‍, മിരിക് നഗരസഭകള്‍ തൃണമൂല്‍ സ്വന്തമാക്കി. കുര്‍സിയോങ്, ഡാര്‍ജീലിങ്, കാലിംപോങ് എന്നിവിടങ്ങളില്‍ ജി.ജെ.എം-ബി.ജെ.പി സഖ്യത്തിനാണ് വിജയം.

ബംഗാളിലെ ജനങ്ങള്‍ മമതാ ബാനര്‍ജിയുടെ വികസന നയങ്ങള്‍ക്ക് വിശ്വാസമര്‍പ്പിച്ചുവെന്നതിന്റെ തെളിവാണ് നാലു നഗരസഭകളിലെ ജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. അതേസമയം ബംഗാള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ പ്രചരണങ്ങള്‍ ഫലം കണ്ടില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുകയെന്ന ലക്ഷ്യമിട്ട് ബി.ജെ.പി മാസങ്ങളായി ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ആദ്യഘട്ടമായാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെ കണ്ടത്.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇവിടെ തമ്പടിച്ച് വിസ്റ്റാര്‍ യാത്ര എന്ന പേരില്‍ ഏപ്രില്‍ 25ന് റാലി നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആദിവാസി വീടുകള്‍ സന്ദര്‍ശിക്കുകയും ബുത്ത് ലെവലില്‍ ഓരോ വീടുകളും ലക്ഷ്യമിട്ട് ക്യാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമേ തൃണമൂല്‍ സര്‍ക്കാറിനെ ലക്ഷ്യമിട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ കൊണ്ടൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.