1400 വർഷം പഴക്കമുള്ള മുത്തലാക്കിനെ അനിസ്ലാമികമെന്നു വിളിക്കാനാകില്ല: കപിൽ സിബൽ സുപ്രീംകോടതിയിൽ

single-img
16 May 2017

മുത്തലാക്ക് 1400 വർഷം പഴക്കമുള്ള ആചാരമാണെന്നും അതിനെ അനിസ്ലാമികമെന്നു വിളിക്കാൻ ആർക്കും അധികാരമില്ലെന്നും മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ കപിൽ സിബൽ സുപ്രീം കോടതിയിൽ. മുത്തലാഖ് വിഷയത്തിൽ നാലാം ദിവസവും വാദം തുടരുന്നതിനിടെയാണു ഓൾ ഇന്ത്യാ മുസ്ലിം പെഴ്സണൽ ലോ ബോർഡിന്റെ അഭിഭാഷകനായ കപിൽ സിബൽ ഇത്തരമൊരു വാദഗതി ഉന്നയിച്ചത്.

“ഏ ഡി 637 മുതൽ മുത്തലാഖ് വിവാഹമോചനത്തിനുള്ള സമ്പ്രദായമായി ഉപയോഗിച്ചു വരുന്നു. അത് അനിസ്ലാമികമാണെന്നു പറയാൻ നമുക്കെന്താണു അധികാരം? ഇതു വിശ്വാസത്തിന്റെ പ്രശ്നമാണു . കോടതി ഇതിൽ ഇടപെടാൻ പാടില്ല,” കപിൽ സിബൽ വാദിച്ചു.

എന്നാൽ വാട്സാപ്പ് വഴിയടക്കം നടക്കുന്ന വിവാഹമോചനങ്ങളെക്കുറിച്ചു ചോദിച്ചുകൊണ്ടാണു ജസ്റ്റിസ് കുര്യൻ ജോസഫ് കപിൽ സിബലിനെ നേരിട്ടത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച്ചമുതൽ മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കുകയാണു.