കൊലയാളികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി: കുമ്മനം പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ

single-img
16 May 2017

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി പി ഐ (എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതികളായ പാർട്ടിപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറഞ്ഞ കോടിയേരി, ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാകുമോ എന്നും ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണെന്നും അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കി സിപിഎമ്മിനെ അടിച്ചൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കണ്ണൂരിൽ ഭരണപരമായ ഇടപെടൽ നടത്തി സമാധാനം പുനസ്ഥാപിക്കാനാണു മുഖ്യമന്ത്രി സമാധാനയോഗം വിളീച്ചത്. എന്നാൽ ഈ യോഗത്തിനുശേഷവും ആർ എസ് എസിന്റെ ഭാഗത്തുനിന്നും നിരവധി ആക്രമണശ്രമങ്ങളുണ്ടായി. പാർട്ടി ഓഫീസുകളും വീടുകളും ആക്രമിച്ചതടക്കമുള്ള 34 സംഭവങ്ങളാണു സമാധാനയോഗത്തിനുശേഷം ആർ എസ് എസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് 27 സി പി എം പ്രവർത്തകരേയും ഈ സർക്കാർ അധികാരത്തിലേറിയതിനു ശേഷം 12 സി പി എം പ്രവർത്തകരേയും കൊലപ്പെടുത്തിയവരാണു ആർ എസ് എസ് എന്നു കോടിയേരി ഓർമിപ്പിച്ചു.തൃശൂരിൽ ജനതാദൾ പ്രവർത്തകനെ കൊലപ്പെടുത്തിയതും മതം മാറിയതിന്റെ പേരിൽ കൊടിഞ്ഞിയിൽ ഫൈസൽ എന്ന യുവാവിനെ വെട്ടിക്കൊന്നതും ആർ എസ് എസ് ആണ്. കാസർഗോഡ് ആർ എസ് എസ് പ്രവർത്തകർ പള്ളിയിൽ ഉറങ്ങിക്കിടന്ന മദ്രസാധ്യാപകനെ കഴുത്തറുത്തുകൊന്ന കാര്യവും കോടിയേരി ഓർമ്മിപ്പിച്ചു. 200-ലേറെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളാണ് ഇക്കാലത്ത് ആക്രമിക്കപ്പെട്ടത്. നൂറു കണക്കിന് സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു.

എന്നാല്‍ അപ്പോഴൊന്നും അഫ്‌സ്പ  നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടില്ല. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ നേരിടാന്‍ വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമത്തിന്റെ മറ്റൊരു പതിപ്പായാണ് 1958-ല്‍ അഫ്‌സ്പ  (ആംഡ് ഫോഴ്‌സസ് സെപ്ഷ്യല്‍ പവര്‍ ആക്ട് ) എന്ന നിയമം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ കോടിയേരി എവിടെയെല്ലാം അഫ്‌സ്പ  നടപ്പാക്കിയിട്ടുണ്ടോ അവിടെയൊന്നും സമാധാനം പുനസ്ഥാപിക്കാന്‍ സ്ഥാപിച്ചിട്ടില്ലെന്നും ആരോപിച്ചു.

ബംഗാളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 വർഗ്ഗീയകലാപങ്ങൾ അരേങ്ങറി, ചത്തീസ്ഗണ്ഡിൽ രണ്ടാഴ്ച്ച മുൻപ് സിആർപിഎഫുകാർ കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എന്നാൽ അവിടെയൊന്നും അഫ്സ്പ നടപ്പാക്കിയിട്ടില്ല. അപ്പോഴാണ് കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണം എന്ന് ബിജെപി വാശി പിടിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.