നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി വിചാരണ നേരിടാന്‍ സജ്ജമല്ലന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പ്രതി കേദലിന് മാനസികരോഗമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു

single-img
16 May 2017

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി വിചാരണ നേരിടാന്‍ സജ്ജമല്ലന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതി കേദലിന് സ്‌ക്രീസോഫ്രീനിയ ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍(26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലും മറ്റുളളവരുടേത് കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദലിനെ തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസാണ് കേദലിനെ പിടികൂടിയത്. മനശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. കൊലക്ക് പിന്നില്‍ ചെകുത്താന്‍ സേവയാണെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന വിവരം.