ആദിവാസി പെണ്‍കുട്ടികള്‍ക്കുനേരെ പൊലീസിന്റെ ക്രൂരമായ ലൈംഗിക പീഡനം; പീഡന വിവരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

single-img
16 May 2017

സസ്‌പെന്റ് ചെയ്യപ്പെട്ട വര്‍ഷ ഡോങ്‌റെ

റായ്പൂര്‍: ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തിയ ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസിന്റെ ക്രൂരമായ ലൈംഗിക പീഡനം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ഛത്തീസ്ഗഢിലെ ജയിലറായ വര്‍ഷ ഡോങ്‌റെയെന്ന യുവതിയെയാണ് സസ്പെന്റ് ചെയ്തത്.

ഡോങ്‌റെ നിയമലംഘനം നടത്തിയെന്ന് ഛത്തീസ്ഗഢ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചതെന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍ ഗാന്ധാരി നായക് പറഞ്ഞു. അവര്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്, ഫ്രീലാന്‍സര്‍ അല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങളുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായില്‍ തോന്നിയതെല്ലാം എഴുതാനുളള ഇടമല്ല സോഷ്യല്‍ മീഡിയ എന്നും അദ്ദേഹം പറയുന്നു. രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി, അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദോഗ്രെയെ സസ്പെന്റ് ചെയ്തതെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം തനിക്കെതിരായ നടപടി അനീതിയാണെന്ന് ഡോങ്ക്രെ പ്രതികരിച്ചു. ഇതുവരെ എനിക്ക് യാതൊരു കുറ്റപത്രവും നല്‍കിയിട്ടില്ല. പകരം എന്റെ പ്രതികരണം വന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ക്രൂരപീഡനത്തിനിരായാക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡോങ്ക്രെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. അവരുടെ കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുന്നത് കണ്ട് താന്‍ ഭയന്നിട്ടുണ്ടെന്നും എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ ഉപയോഗിക്കുന്നതെന്നും അവര്‍ ചോദിച്ചിരുന്നു. ബസ്തറില്‍ നിന്നും ആദിവാസികളെ കുടിയിറക്കുകയാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.