പരാതിക്കാരനൊപ്പം സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകര്‍ത്ത സംഭവം; എസ്‌ഐ സമ്പത്തിനു സസ്പെൻഷൻ

single-img
16 May 2017

സബ് ഇന്‍സ്‌പെക്ടര്‍ സമ്പത്

തിരുവനന്തപുരം: നേമം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജീറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സമ്പത്തിനെയും അജയന്‍ എന്ന പോലീസുകാരനെയും സസ്‌പെന്റ് ചെയ്തു. യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം പൊലീസ് ഇടിച്ച് തകര്‍ത്തെന്ന പരാതിയിലാണ് ഇരുവരേയും സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് യുവാക്കള്‍ തമ്മില്‍ ചില തര്‍ക്കങ്ങളും വാക്കേറ്റവും ഉണ്ടാവുകയും ചെറിയ രീതിയിലുള്ള സംഘര്‍ഷം പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു യുവാവ് സജീറിനെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് തന്റെയൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് സജീര്‍ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കാനുമായിരുന്നു പൊലീസുകാരുടെ നിര്‍ദ്ദേശം.

പിന്നീട് എസ്ഐ സമ്പത്ത് സ്റ്റേഷനിലെത്തിയ ശേഷം ഇവരെ അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. സജീറിനൊപ്പമാണ് യുവാവിനേയും അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്ഐ യുവാവിന്റെ കരണത്ത് അടിക്കുകയായിരുന്നു. പൊതു പ്രവര്‍ത്തകനായിട്ടാണ് ഇവിടേക്ക് വന്നതെന്നും കേസിന്റെ സ്ഥിതിഗതികള്‍ അറിയാന്‍ വന്നപ്പോള്‍ മുന്നില്‍ വെച്ച് ഒരാളെ ഉപദ്രവിക്കുന്നത് നമ്മളെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞയുടനെ എസ്ഐ സജീറിനെ നേരെ തിരിയുകയായിരുന്നു.

”നീ ആരെടാ മര്യാദ പഠിപ്പിക്കാന്‍” എന്ന് ആക്രോശിച്ച് കൊണ്ട് പാറാവിനു നിന്ന പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് അരമണിക്കൂറോളം എസ്ഐയും മറ്റ് പൊലീസുകാരും മര്‍ദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് സജീറിന്റെ പുറത്തും അടിവയറ്റിലും മര്‍ദ്ദിക്കുകയും ചെയ്തു. ജനനേന്ദ്രീയം തകര്‍ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ബന്ധുക്കളേയും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വിവരമറിയിച്ചത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റും സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും സജീറിനെ സ്റ്റേഷനില്‍ നിന്നും മാറ്റിയിരുന്നു.

മർദ്ദനത്തിനിരയായ സജീർ

സജീറിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാല്‍ റിമാന്‍ഡ് ചെയ്യാനായി കൊണ്ട് പോയെന്നാണ് പൊലീസ് നല്‍കിയ വിവരം. പിന്നീട് കോവളം എംഎല്‍എ വിന്‍സെന്റ് ഇടപെട്ടാണ് സജീറിനെ തിരുവല്ലം സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ എത്തിയ ബന്ധുക്കളും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സജീറിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും പരിക്ക് ഗുരുതരമാണെന്നും ഇവിടെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.