ആശങ്ക പരത്തി കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം; വാനാക്രൈ വൈറസിന്റെ ആക്രമണം റെയില്‍വെ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും പടരുന്നു

single-img
16 May 2017

പാലക്കാട്: ആശങ്ക പരത്തി കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം. പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാനാക്രൈ വൈറസിന്റെ ആക്രമണം റെയില്‍വെ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും പടരുന്നു. പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷന്‍ ഓഫിസില്‍ 23 കംപ്യൂട്ടറുകള്‍ തകരാറിലായി. പേഴ്സനല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ വൈറസ് ആക്രമണം ബാധിച്ചിട്ടുണ്ട്. വയനാട്ടിലും പത്തനംതിട്ടയിലും വാനാക്രൈ ആക്രമണമുണ്ടായതായി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അതേസമയം, ചില പഞ്ചായത്തുകളൊഴികെ വാനാക്രൈ ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ ഒരു വകുപ്പിനെയും ബാധിച്ചിട്ടില്ലെന്ന് ഐടി മിഷന്‍ നടത്തിയ അതിവേഗ സുരക്ഷാ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേന്നു തന്നെ, മറ്റു കംപ്യൂട്ടറുകളിലേക്കു വിന്യസിക്കുന്ന 445 പോര്‍ട്ട് നിര്‍ജീവമാക്കിയതാണ് വന്‍ സുരക്ഷാ ഭീഷണിയില്‍നിന്നു കംപ്യൂട്ടര്‍ ശൃംഖലയെ രക്ഷിച്ചതെന്നാണ് വിലയിരുത്തല്‍.