ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തിൽ പ്രതികരണവുമായി അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്:ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ല

single-img
16 May 2017

ന്യൂഡല്‍ഹി: പാക് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തില്‍ ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. ജവാന്‍മാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രവര്‍ത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും കരുതരുത്. മിന്നലാക്രമണം നടത്തുവാന്‍ 10-15 ദിവസത്തെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ജനങ്ങളുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കുന്നു. വിഷയത്തില്‍ ഇപ്പോള്‍ ഇത്ര മാത്രമേ എനിക്ക് പറയാന്‍ പറ്റൂ, നമ്മുടെ പൗരന്‍മാരുടെ തലകുനിയാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – രാജ്നാഥ്സിംഗ് പറഞ്ഞു.

ഈ മാസം ആദ്യമാണ് രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കപ്പെട്ട രീതിയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയത്. കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍ ഉമര്‍ ഫയാസ് യുവാക്കള്‍ക്ക് മാതൃകയാണെന്ന പറഞ്ഞ അഭ്യന്തരമന്ത്രി മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 40-45 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.