മുത്തലാഖ് അവസാനിപ്പിച്ചാല്‍ മുസ്‌ലിം വിവാഹ മോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

single-img
15 May 2017

ന്യൂഡല്‍ഹി: മുത്തലാഖ് അവസാനിപ്പിച്ചാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധി വരുകയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി പറഞ്ഞു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്ലീം വ്യക്തി നിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും. എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

മുത്തലാഖ് കൂടാതെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലായും പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സമയപരിമിതി മൂലം മുത്തലാഖ് മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി മറുപടി നല്‍കി. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.