പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയടക്കം രണ്ടു പേര്‍ കൂടി പോലീസ് പിടിയില്‍

single-img
15 May 2017

കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. രാമന്തളിയില്‍ രാത്രി നടന്ന പരിശോധനയിലാണ് ഇരുവരെയും പോലീസ് പിടിച്ചത്. ഇതോടെ പോലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. റെനീഷ് സി.പി.എം അനുഭാവിയാണ്. കേസില്‍ ആകെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. നേരത്തെ, പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകക്കെടുക്കാന്‍ സഹായിച്ചയാളും കാറിന്റെ ഉടമയും മറ്റൊരാളെയും പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പൊലീസ് പിടിച്ചെടുത്തു.

ബൈക്കില്‍ കാറിടിപ്പിച്ച ശേഷം റോഡരികില്‍ വീണ ബിജുവിനെ രണ്ടുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. അക്രമികള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളില്‍ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. കൂടെയുണ്ടായിരുന്ന രാജേഷും ഈ കേസിലെ പ്രതിയാണെന്ന് പറയുന്നു. എന്നാല്‍, അക്രമികള്‍ ബിജുവിനെ മാത്രം ലക്ഷ്യമിട്ടതിനു പിന്നിലെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസങ്ങളായി ബിജുവിനെ ചിലര്‍ നിരീക്ഷിക്കുന്നതായി സൂചന ലഭിച്ചിരുന്നുവത്രെ. ഇതേത്തുടര്‍ന്ന് മാറി താമസിക്കാന്‍ മംഗളൂരുവില്‍ ജോലി ശരിയാക്കി തിരിച്ചുവരുമ്പോഴാണ് കൊല ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ബിജുവിന്റെ നീക്കം കൃത്യമായി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന് ക്രമസമാധാന ചുമതലയുള്ളതിനാല്‍ തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.