കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യ പങ്കാളിത്തം എന്നു വിലയിരുത്തി രാജ്ഭവന്‍; വിയോജിപ്പുമായി ബിജെപി നേതൃത്വം

single-img
15 May 2017

തിരുവനന്തപുരം: പകരത്തിനു പകരമുള്ള കൊല നടക്കുന്നതാണു കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു കാരണമെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിലപാടില്‍ വിയോജിച്ച് ബിജെപി നേതൃത്വം. തങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണറില്‍നിന്നു രാഷ്ട്രീയമായി അനുകൂല നടപടികള്‍ പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് പ്രതിക്കൂട്ടില്‍ സിപിഎമ്മിനെയും തങ്ങളെയും ഗവര്‍ണര്‍ ഒരുപോലെ കാണുന്നതിനോടും യോജിപ്പില്ല.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഴുവന്‍ പട്ടികയും ഗവര്‍ണര്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപി കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വിവരം അറിഞ്ഞപ്പോഴാണ് ഇതു സമാഹരിക്കാന്‍ ഗവര്‍ണര്‍ ഓഫിസിനോട് ആവശ്യപ്പെട്ടത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എംപി എന്നിവരുള്‍പ്പെട്ട സംഘം കാണാനെത്തിയപ്പോള്‍ ഗവര്‍ണര്‍ ഈ പട്ടിക അങ്ങോട്ടു കാണിച്ചു. പകരത്തിനു പകരമുള്ള കൊല അവിടെ നടക്കുന്നതാണു സംഘര്‍ഷത്തിനു കാരണം എന്നു സമര്‍ഥിച്ചിരുന്നു. മാത്രമല്ല, ഗവര്‍ണര്‍ ഈ പട്ടിക പുതുക്കുന്നുമുണ്ട്. കേന്ദ്രത്തിനും ഈ വിവരങ്ങള്‍ അദ്ദേഹം കൈമാറുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു കക്ഷിയെ കൂടുതലായി കുറ്റപ്പെടുത്താനില്ലെന്ന സമീപനമാണു ഗവര്‍ണര്‍ക്ക്. എന്നാല്‍ അതേസമയം സംഭവത്തിന്റെ ഗൗരവം കുറച്ചു കാണുന്നുമില്ല. ഇതെല്ലാം തന്നെ ബിജെപിയുടെ പ്രകോപനത്തിന് ആക്കം കൂട്ടുന്നതാണ്.

കണ്ണൂരിലെ പ്രശ്‌നങ്ങളുടെ പേരില്‍ മൂന്നു തവണ ബിജെപി സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയിരുന്നു. അതെസമയം അതീവ ഗൗരവത്തോടെയാണിതു കാണുന്നതെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ അറിയിച്ചു. തങ്ങള്‍ക്കനുകൂലമായ നിലാപാടെടുക്കാന്‍ ഗവര്‍ണര്‍ തയ്യാറാകില്ലെന്ന് മനസിലായതോടെയാണ് നേതാക്കളായ എം.ടി.രമേശും ശോഭ സുരേന്ദ്രനും പിന്നീടു ഗവര്‍ണറെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു രംഗത്തെത്തിയത്.