കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കുന്നു; കോടതി വിധി വരും മുമ്പ് തന്നെ പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക

single-img
15 May 2017

ഹേഗ്: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കുന്നു. നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു.പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യ പ്രധാനമായും ആരോപിക്കുന്നത്.

നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചു. വധശിക്ഷ വിധിച്ച നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. അറസ്റ്റ് നടന്ന വിവരവും പാക് പട്ടാള കോടതിയുടെ ഉത്തരവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇന്ത്യ യുഎന്‍ കോടതിയെ അറിയിച്ചു.മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചില്ലെന്നും ആരോപിച്ചു.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടിയന്തരമായ ഇടപെടലാണ് വേണ്ടതെന്നും രാജ്യം ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയും പീഡിപ്പിക്കുകയും അവകാശലംഘനം നടത്തുകയുമായിരുന്നുവെന്നും ഇന്ത്യ പീസ് പാലസിലെ അന്താരാഷ്ട്ര കോടതിയില്‍ പറഞ്ഞു. നീതിന്യായ കോടതി അന്തിമ വിധി വരുന്നതിന് മുമ്പ് പാകിസ്താന്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന ആശങ്കയും കോടതിയില്‍ ഹരീഷ് സാല്‍വെ പങ്കുവെച്ചു. ഇന്ത്യയുടെ പരാതിയില്‍ താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്യാന്‍ യുഎന്‍ കോടതി നേരത്തെ പാകിസ്താനോട് ഉത്തരവിട്ടിരുന്നു.