ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും; 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വരെ വഹിക്കാന്‍ കഴിയുന്ന പാലമാണിത്

single-img
15 May 2017

ദോള സാദിയ പാലം

ആസാം: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം യാഥാര്‍ത്ഥ്യമാകുന്നു. ആസാമില്‍ ചൈനീസ് അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പാലം മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വരെ വഹിക്കാന്‍ കഴിയുന്ന പാലമാണിത്.ബ്രഹ്മപുത്ര നദിയാണ് ഈ പാലത്തിന് അടിയിലൂടെ ഒഴുകുന്നത്. എന്‍.ഡി.എ സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 9.15 കിലോമീറ്റര്‍ ദൂരമുള്ള ദോള സാദിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

ആസാമിന്റെയും അരുണാചല്‍ പ്രദേശിന്റെയും അടുത്തായാണ് പാലം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല പുതിയ പാലം വരുന്നതോടെ ആസാമിനും അരുണാചല്‍ പ്രദേശിനും ഇടക്കുള്ള ദൂരം നാല് മണിക്കൂറായി കുറയുന്നതായിരിക്കും. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ ഭീഷണി മറികടക്കാന്‍ സാധ്യമാകുന്ന പാലം ആസാമിലെയും അരുണാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാതടസം നീക്കുന്നതിനു സഹായിക്കും. ആസാം സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാലത്തിന്റെ നിര്‍മാണം.

മുംബൈയിലുള്ള ബാന്ദ്ര വര്‍ളി പാലത്തേക്കാള്‍ 3.55 കിലോ മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ബഹുമതിക്ക് അര്‍ഹമാകും. പാലം സൈനിക നീക്കത്തിനും സാധാരണ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമായാണ് നിര്‍മ്മിച്ചതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. 2011ല്‍ തുടങ്ങിയ പാലത്തിന്റെ നിര്‍മ്മാണത്തിന് 950 കോടി രൂപ ചെലവായെന്നാണ് കണക്ക്. മോദി സര്‍ക്കാരാണ് പാലത്തിന്റെ പണി വേഗത്തിലാക്കിയത്.