കേരളത്തിൽ സംവരണവിരുദ്ധതയും ഹിന്ദുത്വരാഷ്ട്രീയവും ഒളിച്ചു കടത്തിയത് മോഹൻലാൽ സിനിമകൾ : വി ടി ബലറാം

single-img
14 May 2017

കേരളത്തിൽ സംവരണവിരുദ്ധതയും ഹിന്ദുത്വരാഷ്ട്രീയവും ഒളിച്ചുകടത്തിയതു  വീരാരാധന ജനിപ്പിക്കുന്ന മോഹൻലാൽ സിനിമകൾ അടക്കമുള്ള പോപ്പുലർ മീഡിയയിലൂടെയെന്നു വി ടി ബലറാം എം എൽ എ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണു ബലറാം ഇത്തരമൊരു പ്രസ്താവനനടത്തിയതു.

സംസ്ഥാനത്ത് മുന്നോക്ക- പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നായിരുന്നു ദേവസ്വം മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

ബ്രാഹ്മണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചു പേര്‍ സമ്പന്നരാണെന്നും എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ടെന്നും പറഞ്ഞ കടകംപള്ളി ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറുന്ന ഇരകളാണ് ബ്രാഹ്മണര്‍ എന്നും കൂട്ടിച്ചേർത്തു.

കടകംപള്ളിയുടെ ഈ പ്രസ്താവനയെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ബലറാം രൂക്ഷമായി വിമർശിച്ചിരുന്നു. സവർണ ദാസ്യത്തിന്റേയും ഫ്യൂഡൽ ഗൃഹാതുരതയുടേയും ചരിത്രബോധമില്ലായ്മയുടേയും ഈ മാനസികാവസ്ഥയിൽ നിന്നാണു ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നായിരുന്നു ബലറാമിന്റെ വിമർശനം.

അതിനനുബന്ധമായി ഇട്ട മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലാണു ജനപ്രിയമാധ്യമങ്ങളായ സിനിമകൾ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒളിച്ചുകടത്തുന്നതിനെക്കുറിച്ചു ബലറാം പരാമർശിച്ചത്.

“ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കവർന്നെടുക്കുന്നു എന്നതിനുശേഷം സംഘ് പരിവാറിലേക്ക് ആളെക്കൂട്ടുന്നതിൽ ഏറ്റവുമധികം പങ്ക് വഹിച്ചു വരുന്ന ഒരു മർമറിംഗ് ക്യാമ്പയിൻ ജാതി സംവരണ വിരുദ്ധതയുടേതാണ്. വീരാരാധന ജനിപ്പിക്കുന്ന മോഹൻലാൽ സിനിമകൾ അടക്കമുള്ള പോപ്പുലർ മീഡിയയിലൂടെയും പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ചാണ് ഒളിച്ചു കടത്തപ്പെട്ടിരുന്നത്,” ബലറാം പറയുന്നു.

കോൺഗ്രസിന്റേതടക്കമുള്ള വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു ക്യാമ്പയിൻ, ഒരുപക്ഷേ അടുത്ത കുറച്ച് കാലത്തേക്കെങ്കിലുമുള്ള ഒരേയൊരു ക്യാമ്പയിൻ, ജാതി സംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണം എന്നാഹ്വാനം ചെയ്തുകൊണ്ടാണു ബലറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.