ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കുന്നു; ഫുട്‌ബോള്‍ കളി ഉപേക്ഷിച്ച് ജോലി നോക്കാന്‍ തയാറല്ലെന്ന് വിനീത്

single-img
14 May 2017

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കാന്‍ നീക്കം. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പുറത്താക്കുന്നത്. ഏജീസ് ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് വിനീതിന് ഏജീസില്‍ ജോലി നേടിയത്. എന്നാല്‍ ഇതിനുശേഷവും ഇന്ത്യന്‍ ടീമിലുള്‍പ്പെടെ കളിക്കേണ്ടി വന്നതോടെ വിനീതിന് ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഫുട്‌ബോള്‍ കളി ഉപേക്ഷിച്ച് ജോലി നോക്കാന്‍ തയാറല്ലെന്ന് വിനീത് പ്രതികരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിക്കു കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും വിനീത് ചോദിക്കുന്നു. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബിലെയും അംഗമാണ്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ കിര്‍ഗിസ് റിപ്പബ്ലിക്കിനെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യംപിലേക്കു വിനീത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണ്‍ ഐലീഗില്‍ ടോപ് സ്‌കോററും വിനീതായിരുന്നു.