ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു

single-img
14 May 2017

കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റു പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്നു ബൈക്കില്‍ വരികയായിരുന്ന പണ്ടാരവളപ്പില്‍ രാജേഷും ബിജുവും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദൃക്‌സാക്ഷി രാജേഷിന്റെ പരാതിയില്‍ ഏഴു പേര്‍ക്കെതിരേയാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

അതേസമയം, ഇന്നലെ നടന്ന ഹര്‍ത്താലിനിടെ ആംബുലന്‍സ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കണ്ണൂരില്‍ പണിമുടക്കുകയാണ്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചവരെയാണ് പണിമുടക്ക്. എന്നാല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ സേനവം തുടരുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.