ഒരു മേഖല, ഒരു പാത പദ്ധതിക്കായി 124 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനവുമായി ചൈന

single-img
14 May 2017

ബെയ്ജിങ്: ഒരു മേഖല, ഒരു പാത പദ്ധതിക്കായി 124 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് ചൈന. വൈര്യത്തിന്റെയും നയതന്ത്രക്കളികളുടെയും വഴിയിലൂടെയുള്ള വ്യാപാരം അവസാനിപ്പിച്ച് സ്വതന്ത്രവും സമാധാനപരവുമായ വ്യാപാരം നടത്താനുള്ള പാതയാണ് പുതിയ സില്‍ക്ക് റൂട്ട് (പട്ടുപാത) വഴി സാധ്യമാകുന്നത്. മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാനായുള്ള പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വന്‍നിക്ഷേപ പദ്ധതിയാണിത്.

വികസനത്തിനായുള്ള പ്രധാനപ്പെട്ട എന്‍ജിന്‍ എന്നത് സ്വതന്ത്രമായ വ്യാപാരമാണെന്ന് ചൈന പ്രസിഡന്റ് ഷി ചിന്‍പിങ് അറിയിച്ചു. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വികസനത്തിനായി പുതിയ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. പുതിയ സില്‍ക്ക് റൂട്ട് ആഫ്രിക്ക, യൂറോപ്പ് തുടങ്ങി ഏവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. ഈ സംരംഭം ചൈനയ്ക്ക് അവരുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ മികച്ച ബന്ധമുണ്ടാക്കാനാകുമെന്നും ഷി ചിന്‍പിങ് പറഞ്ഞു. കൂടാതെ, പുതിയ സില്‍ക്ക് റൂട്ട് പദ്ധതിയുമായി ബന്ധപ്പെടുന്ന രാജ്യാന്തര സംഘടനകളെയും രാജ്യങ്ങളെയും സഹായിക്കാനായി 8.70 ബില്യണ്‍ യുഎസ് ഡോളറും ഷി വാഗ്ദാനം ചെയ്തിട്ടുണ്ട്.

2013 ല്‍ ഷി ചിന്‍പിങ് പ്രഖ്യാപിച്ച വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി പൗരാണിക വ്യാപാര പാതയായ സില്‍ക്ക് റോഡ് പുനരുജ്ജീവിപ്പിക്കുന്നു. മധ്യ,പശ്ചിമ,ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയില്‍വേയും ഊര്‍ജനിലയങ്ങളും അടക്കം അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പദ്ധതികളില്‍ നിക്ഷേപിക്കുകയാണു ലക്ഷ്യം. ഏകദേശം ഏഷ്യ-യൂറോപ്-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റര്‍ വരുന്നതാണു പട്ടുപാത. 28 ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പാക്ക്ശ്രീലങ്ക പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്കു പുറമെ ഏഴ് ആസിയാന്‍ നേതാക്കളും പങ്കെടുക്കും.

അതേസമയം ക്ഷണമുണ്ടെങ്കിലും ഇന്ത്യ പങ്കെടുക്കില്ല. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായും യൂറോപ്പുമായുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുകയാണു ചൈനയുടെ ലക്ഷ്യം. ഇതിനായാണു പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റൂട്ട് (പട്ടുപാത) പുനരുജ്ജീവിപ്പിക്കുന്നത്. മേഖലയെ ബന്ധിപ്പിച്ചു പുതിയ റോഡുകളും റെയിലുകളും നിര്‍മിക്കും. പുതിയ സമുദ്രപാതകള്‍ക്കും രൂപം നല്‍കും. പദ്ധതിയുടെ ഭാഗമായ പാകിസ്താന്‍ ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതാണ് ഇന്ത്യയുടെ എതിര്‍പ്പിന്റെ പ്രധാനകാരണം. എന്നാല്‍, ഇന്ത്യയും പങ്കാളിയാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. വിട്ടുനില്‍ക്കുന്നത് വന്‍ വാണിജ്യനഷ്ടം ഉണ്ടാക്കുമെന്നാണു വാദം. എന്നാല്‍, ഈ ഭീമന്‍ പദ്ധതി നിക്ഷേപക രാജ്യങ്ങളെ കടക്കെണിയിലാക്കുമെന്നും വാദമുണ്ട്.

ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതിയില്‍ നേപ്പാളും പങ്കാളിയാകുന്നു. ഇന്ത്യയുടെ ആശങ്കയുയര്‍ത്തി നേപ്പാളിലെ ചൈനീസ് അംബാസഡറും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറിയും ഇന്നലെ കരാറില്‍ ഒപ്പുവച്ചിരുന്നു. പ്രകൃതിവാതക പൈപ്പ് ലൈന്‍, എണ്ണ പൈപ്പ് ലൈന്‍, റെയില്‍പാത, നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴി, ചൈനീസ് നിക്ഷേപമുള്ള തുറമുഖങ്ങള്‍, പദ്ധതിയിലുള്ളതോ നിര്‍മാണത്തിലുള്ളതോ ആയവ തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ ‘ഒരു പാത, ഒരു പ്രദേശം’പദ്ധതിയില്‍ ലക്ഷ്യമിടുന്നത്