എഎപി നേതാക്കള്‍ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി കപില്‍ മിശ്ര രംഗത്ത്

single-img
14 May 2017

ന്യൂഡല്‍ഹി: എഎപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി കപില്‍ മിശ്ര രംഗത്ത്. വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്. വിവരം ആദായനികുതി വകുപ്പില്‍ നിന്നു മറച്ചുപിടിക്കുകയായിരുന്നുവെന്നും മിശ്ര വ്യക്തമാക്കി. എഎപി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മിശ്ര തുടരുന്ന നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്.

മൂന്നുവര്‍ഷമായി എഎപി നേതാക്കള്‍ വിദേശയാത്രകളിലൂടെയാണു കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് മിശ്രയുടെ ആരോപണം. വ്യാജ കമ്പനികളില്‍നിന്നാണ് ഇവര്‍ക്കു സാമ്പത്തിക സഹായം ലഭിച്ചിരുന്നത്. ഇതേക്കുറിച്ച് എഎപി വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 16 കടലാസ് കമ്പനികള്‍ കോടിക്കണക്കിനു രൂപയാണ് എഎപിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. മോട്ടി നഗറില്‍നിന്നുള്ള എഎപി എംഎല്‍എ ശിവ്ചരണ്‍ ഗോയലിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് ഈ വ്യാജ കമ്പനികള്‍. രണ്ടു കോടി രൂപയാണ് കേജ്‌രിവാളിനു നല്‍കിയത്. ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചിലേക്കാണ് ഈ പണം കൈമാറിയത്. നോട്ട് അസാധുവാക്കലിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലിന് ഒത്താശ ചെയ്‌തെന്ന ആരോപണം നേരിട്ട ബ്രാഞ്ചാണിത്. ആക്‌സിസ് ബാങ്കിന്റെ കൃഷ്ണനഗര്‍ ശാഖയിലാണ് എഎപിയുടെ അക്കൗണ്ട് ഉള്ളത്. എല്ലാ ഇടപാടുകളും ഇവിടെയാണു നടക്കുന്നത്.

ഡേറ്റ് ഇല്ലാത്ത ഒരു ബാങ്ക് ചെക്കും മിശ്ര പുറത്തുവിട്ടിട്ടുണ്ട്. ഈ ചെക്ക് മാറി പണം ബാങ്കില്‍നിന്ന് എടുത്തിട്ടുള്ളതാണ്. കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ കേജ്‌രിവാളിനെതിരെ തിങ്കളാഴ്ച സിബിഐക്കു പരാതി നല്‍കുമെന്നും മിശ്ര പറഞ്ഞു. അതേസമയം, കേജ്‌രിവാളിന്റെ കോളറില്‍ പിടിച്ച് തിഹാര്‍ ജയിലിലേക്ക് ആനയിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മിശ്ര പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയ ഉപദേശകന്‍ വൈഭവ് കുമാറിന് ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമന്‍സ് അയച്ചു. വാട്ടര്‍ ടാങ്കര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടാണിത്. ഈ ബുധനാഴ്ച കുമാറിനെ ചോദ്യം ചെയ്യും. 400 കോടു രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മിശ്രയുടെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മിശ്ര എസിബിക്കു കൈമാറിയിരുന്നു.