ജസ്റ്റീസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് അഭിഭാഷകന്‍; ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ കര്‍ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നു കോടതിയെ ബോധിപ്പിക്കുകയാണ് ഉണ്ടായത്

single-img
14 May 2017

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാവിധിക്കുശേഷവും കുറ്റാരോപിതനു മാപ്പുപറയാനുള്ള അവസരമുണ്ടെന്ന നിയമവശം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുന്പാറ പത്രക്കുറിപ്പില്‍ അറിയിച്ചു. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജസ്റ്റീസ് കര്‍ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നു കോടതിയെ ബോധിപ്പിക്കുകയാണ് ഉണ്ടായതെന്നും അഭിഭാഷകന്‍ പറയുന്നു.

നേരത്തെ, കോടതിയലക്ഷ്യത്തിനു ജസ്റ്റീസ് സി.എസ്. കര്‍ണന് സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്‍ണന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റീസ് കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിനെയും സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിന തടവിനു ജസ്റ്റീസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണു ജസ്റ്റീസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.