പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി.സദാശിവം സ്ഥാനത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് ശോഭാ സുരേന്ദ്രന്‍

single-img
14 May 2017

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി വീണ്ടും രംഗത്ത്. പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി.സദാശിവം സ്ഥാനത്തു നിന്ന് ഒഴിഞ്ഞുപോകണമെന്നും ഗവര്‍ണര്‍ പദവിയോടു മാന്യത കാണിക്കണമെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി നേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം.

ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഇടനിലക്കാരാനായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്ന്  പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു എം.ടി.രമേശിന്റെ വിമര്‍ശനം.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഇവര്‍ നിവേദനവും കൈമാറി. എന്നാല്‍ ബിജെപി നേതാക്കളുടെ നിവേദനം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറുകയാണുണ്ടായത്. ഇതിനെതിരേയാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്.