സിനിമകൾ വികലമാക്കിയ നഴ്സിന്റെ ചിത്രമല്ല യാഥാർത്ഥ്യത്തിലെ നഴ്സ്‌; വീണ്ടുമൊരു മെയ്‌ 12 – അന്താരാഷ്ട്ര നഴ്സസ്‌ ഡെ കടന്നു പോയപ്പോൾ ആശംസകൾക്കൊപ്പം നഴ്സിംഗ്‌ എന്ന പ്രൊഫഷനെക്കുറിച്ചും..

single-img
14 May 2017

സുലൈമാൻ ചേലക്കര

വീണ്ടുമൊരു മെയ്‌ 12 – അന്താരാഷ്ട്ര നഴ്സസ്‌ ഡെ കടന്നു പോയപ്പോൾ ആശംസകൾക്കൊപ്പം നഴ്സിംഗ്‌ എന്ന പ്രൊഫഷനെക്കുറിച്ചും നഴ്‌സസ് നെക്കുറിച്ചുമുള്ള ധാരാളം എഴുത്തുകളാലും വാർത്താവർത്തമാനങ്ങളാലും സമൃദ്ധമായിരുന്നു മാധ്യമങ്ങളുടെ താളുകൾ. സോഷ്യൽ മീഡിയ നമുക്ക്‌ നൽകുന്ന ഗുണം എന്ന് പറയാം അത്തരം എഴുത്തുകൾക്ക്‌ വലിയ റീച്ച്‌ ഉണ്ടാവുകയും ഇങ്ങനെ ഒരു ദിവസം കുറച്ച്‌ വർഷങ്ങൾ മുൻപ്‌ വരെ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ഥാനത്ത്‌ ഇന്ന് ലോകം മുഴുവൻ വിവിധ രീതികളിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിലേക്കെത്താൻ കഴിഞ്ഞു. തീർച്ചയായും അതിൽ സന്തോഷവും അഭിമാനവും ഉണ്ട്‌.

പ്ലസ്‌ ടുവിനു ശേഷം നഴ്സിംഗ്‌ നെ കരീർ എന്ന നിലയിൽ തിരഞ്ഞെടുക്കുമ്പോൾ പ്രോൽസാഹനങ്ങളെക്കാൾ നിരുത്സാഹപ്പെടുത്തുന്ന സമീപനങ്ങൾ ആയിരുന്നു ഒരുകാലത്ത്‌ വീട്‌- ബന്ധു മിത്രാദികൾ എന്നീ ഗുണകാംഷാവലയങ്ങളിൽ നിന്ന്. ഭാരിച്ച ജോലിയും ഏകീകരിച്ചിട്ടില്ലാത്ത സേവന വേതന വ്യവസ്ഥകളും സർവ്വോപരി നഴ്സിംഗിനു സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ട വികലമായ ചിത്രവും ഇതിനൊക്കെ പിൻബലമായിരുന്നിരിക്കണം. ഇന്ന് പഠിച്ചിറങ്ങിയാൽ ജോലി ഉറപ്പുള്ള പ്രൊഫഷൻ, വിദേശ ജോലി സാധ്യതയിൽ മാസ്സ്‌ എണ്ട്രി ലഭിക്കുന്ന വിഭാഗം എന്ന തിളക്കമുണ്ട്‌ ഈ പ്രൊഫഷന്.

കാര്യമിതൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ നഴ്സസ്‌ ഡെയുടെ അന്നു രാവിലെ മുതൽ നഴ്സസ്‌ ഡേ ആശംസാ എഴുത്തുകളിലൂടേ കണ്ണോടിച്ചപ്പോൾ കുപ്പിയിൽ പഴയ വീഞ്ഞിന്റെ രുചി തന്നെ. സമൂഹം നഴ്സസിനു കൊടുക്കുന്ന അംഗീകാരത്തിനും ബഹുമാനത്തിനും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടേങ്കിലും ധാരണ ഇപ്പോഴും അവർ ഛർദ്ദിൽ കോരുകയും ഡയപ്പർ മാറ്റുകയും ചെയ്യുന്ന – അതായത്‌ സ്വന്തക്കാർ വരെ അറച്ചു നില്ല്ക്കുന്നിടത്ത്‌- ആൾക്കാർ ആണെന്നാണു.

ഒരു നഴ്സ്‌ എന്ന നിലയിൽ അതും അതിനപ്പുറവും ഒരു രോഗിക്ക്‌ വേണ്ടീ, ആ രോഗിയെ ജീവിതത്തിലേക്ക്‌ തിരികെ കൈപിടിച്ച്‌ കയറ്റുന്നതിനു സഹായമെന്നോണം ചെയ്യേണ്ടി വരും. അതിൽ ഇന്നോളം നാണക്കേട്‌ തോന്നിയിട്ടില്ല. മണിക്കൂറുകളോളം മൂത്രം പോകാതെ സഞ്ചാരമടിച്ച്‌ വന്ന രോഗിക്ക്‌ ഒരു ട്യൂബ്‌ ഇട്ട്‌ കൊടുത്ത്‌ അവന്റെ തടസ്സം മാറിയാൽ അവൻ പറയും ഇതാണു ഞാൻ അനുഭവിച്ച ഏറ്റവും വലിയ പ്രയാസവും ഏറ്റവും വലിയ ആശ്വാസവുമെന്ന്. അങ്ങിനെ തന്നെയാണു ഓരോ രോഗാവസ്ഥയിലുള്ളവരും.

പറഞ്ഞ്‌ വന്നത്‌ സമൂഹത്തിലെ കാഴ്ച്ചപ്പാടിനെക്കുറിച്ചാണു. സിനിമകൾ വികലമാക്കിയ നഴ്സിന്റെ ചിത്രമല്ല യാഥാർത്ത്യത്തിലെ നഴ്സ്‌. നഴ്സസിന്റെ ക്ലിനിക്കൽ എഫിഷ്യൻസിയെ മലവും മൂത്രവും കോരുന്നതിലെക്ക്‌ ചുരുക്കുന്നു ഇന്നും ചില മിഥ്യാ പൊതു ബോധം. ഒന്നനങ്ങാൻ പറ്റാതെ മലമൂത്ര വിസർജ്ജനം ചെയ്യാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന… ഇങ്ങനെ തുടങ്ങുന്ന നനഴ്സ്സിന്റെ ‘വിലയെ’ അനുതാപവൽക്കരിക്കുന്ന എഴുത്തുകളോട്‌ സഹതാപമുണ്ട്‌.

നാഡീമിടിപ്പ്‌ നിലച്ച, മരിച്ചു എന്ന് ലിറ്ററലി പറയാവുന്ന രോഗിയെ CPR ചെയ്ത്‌ (അടിസ്ഥാന പുനരുജ്ജീവന പ്രക്രിയ) ജീവന്റെ ഹ്രദയതാളം തിരിച്ചു പിടിക്കുന്ന എമർജ്ജൻസി ടീം. അത്‌ വളരെ സ്കിൽഡ്‌ ആയ റിസസിറ്റേഷനിൽ അറിവും അനുഭവസമ്പത്തും ഉള്ള അതിനു വേണ്ടി പ്രത്യേകം കോഴ്സുകൾ ചെയ്ത നഴ്സസ്‌ & ഡോക്ടെഴ്സ്‌ ആണു ആ ടീമിൽ. ഒരു കോഡ്‌ കഴിയുമ്പോൾ രോഗിക്ക്‌ പൾസ്‌ കിട്ടി മറ്റു ഘടകങ്ങൾ നോർമ്മൽ അവസ്ഥയിലേക്ക്‌ വരുന്ന ലക്ഷണങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, എന്റെ സാറേ അതാണു ഈ പ്രൊഫഷനിൽ ഞങ്ങക്ക്‌ കിട്ടുന്ന സുഖം. പിന്നെ ആ രോഗി ആശുപത്രി വിടുമ്പോൾ കൈ പിടിച്ച്‌ നന്ദി പറയാൻ വരുമ്പോൾ, നിർവൃതി എന്ന വാക്കൊക്കെ ജീവിതത്തിൽ അനുഭവവേദ്യമാകുന്നത്‌ അപ്പോഴാണു.

നഴ്സ്‌ എന്ന് പറയുമ്പോൾ സിസ്റ്റെഴ്സിന്റെ മുഖം ആണു മനസ്സിൽ വരുക. എന്നാൽ ഇന്ന് നല്ലൊരു ശതമാനം മെയിൽ നഴ്സസും സേവന മേഖലയിലുണ്ട്‌. ഇവർക്കുള്ള വെല്ലുവിളികൾ നേരത്തെ പറഞ്ഞ കോഴ്സിനു ചേരുമ്പോൾ തന്നെ തുടങ്ങുകയായി. “ഇതൊക്കെ ആണുങ്ങൾക്ക്‌ പറ്റിയ പണിയാണൊ” എന്ന ചോദ്യം കേട്ടിട്ടില്ലാത്ത ‘ബ്രദേഴ്സ്‌’ അഞ്ചെട്ട്‌ വർഷം മുൻപ്‌ പഠിച്ചിറങ്ങിയവരിൽ ചുരുക്കമായിരിക്കും.

മെയിൽ നഴ്സുമാരുടെ കാര്യം പറഞ്ഞപ്പോഴാണു, ഒരു എമർജ്ജൻസി ഡിപ്പർട്ട്മെന്റോ ഐ സി യു വോ ആവട്ടേ, ഏത്‌ റിസ്സ്കുള്ള, കോമ്പ്ലിക്കേറ്റഡ്‌ ആയ കേസും വിശ്വാസത്തോടെ നോക്കാൻ ഏൽപ്പിക്കാൻ, ഏത്‌ എമർജ്ജൻസിയും ചടുലമായി നിയന്ത്രിക്കാൻ മെയിൽ നഴ്സസ്‌ കഴിഞ്ഞിട്ടെ ഉള്ളൂ എന്ന് പറയുമ്പോൾ ഞങ്ങളുടെ സിസ്റ്റേഴ്സ്‌ അത്‌ അഭിമാനത്തോടുകൂടെ അംഗീകരിക്കും.

തീരെ ശാന്തമല്ലാത്ത മെഡിക്കോലീഗൽ ഇഷ്യൂസ്‌ ഒരുപാടുള്ള പ്രസവമുറിയിൽ നിന്നും ഒരു എമർജ്ജൻസി ഹാൻഡിൽ ചെയ്യുന്ന പോലെ – മിക്കവാറും രാത്രി സമയങ്ങളിൽ കൺസൽടന്റ്‌ ഗൈനക്കോളജിസ്റ്റ്‌ വീട്ടിൽ നിന്നും എത്തുന്നതിനു മുന്നെ വേണ്ടതെല്ലാം ചെയ്ത്‌ രണ്ടു ജീവനുകളെ ഒരേ സമയം സുരക്ഷിതമാക്കുന്ന LR ലെ നഴ്സസ്‌, കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേൾക്കുമ്പോൾ അമ്മയോടൊപ്പം സന്തോഷിക്കുന്നത്‌ ഞങ്ങളാണു.

ഓരോ രോഗിയേയും അതിഥിയെന്നവണ്ണം സ്വീകരിച്ച്‌ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യുന്ന ഓപി യിലെ നഴ്സ്‌ മുതൽ ഓരോ രോഗിയെയും വ്യത്യസ്തങ്ങളായ രോഗാവസ്ഥകളിൽ പ്രത്യേകമായ പരിചരണം കൊടുത്ത്‌ ഇമ വെട്ടാതെ ശ്രദ്ധിക്കുന്ന അത്യാഹിത-തീവ്രപരിചരണ-സർജ്ജറി- വാർഡ്‌ തൊട്ട്‌ വന്നു പൊയ രോഗാവസ്ഥ ശരീരത്തിൽ ഉണ്ടാക്കിയ ബലഹീനതകളെ മനസ്സാന്നിദ്ധ്യവും ആത്മവിശ്വാസവും കൊടുത്ത്‌ ശരീരത്തിനും മനസ്സിനും ട്രെയിനിംഗ്‌ നൽകി പൂർവ്വാവസ്ഥയിലേക്ക്‌ കൊണ്ടുവരാൻ ക്ഷമയോടെ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ നഴ്സ്‌ വരെ.

തീരെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിചെയ്യുന്ന, ജോലി സ്ഥിരതയോ മെച്ചപ്പെട്ട വേതനവ്യവസ്ഥകളോ ഇന്നും ഉറപ്പുവരുത്തിയിട്ടില്ലാത്ത ആംബുലൻസ്‌ നഴ്സ്‌ വരെ..

രോഗികളുമായി നേരീട്ട്‌ ബന്ധം ഇല്ലെങ്കിലും ഓരോ രോഗിയുടെയും രോഗാവസ്ഥയും അണുബാധയുടെ തോതും മരുന്നുകളും മുറിവുകളും ചികിൽസകളും അവരിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും കൃത്യമായി പഠിക്കുകയും മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന, ആരോഗ്യവകുപ്പുമായി നേരിട്ട്‌ സംവദിക്കുന്ന, രോഗികളും ജീവനക്കാരും കുടിക്കുന്ന വെള്ളത്തിന്റെ നിലവാരം മുതൽ ആശുപത്രിയുടെ മാലിന്യസംസ്കരണം വരെ കർക്കശമായ പ്രോട്ടോക്കോൾസിലൂടെ ഇടപെടലുകൾ നടത്തുന്ന ഇൻഫക്ഷൻ കണ്ട്രോൾ നഴ്സ്‌.,

തങ്ങളുടെ നശ്സ്സിംഗ്‌ ജീവനക്കാർക്ക്‌ ഏറ്റവും അപ്‌ ഡേറ്റഡ്‌ ആയി കൃത്യമായ പരിശീലനവും തുടർ പഠനവും ഉറപ്പ്‌ വരുത്തുന്ന നഴ്സ്‌ എജ്യൂക്കെറ്റേഴ്സ്‌….

അല്ല, ഒരു നഴ്സിന്റെ മേഖലകൾ ഇനിയും വിശാലവും വ്യത്യസ്തവുമാണു. അവർക്കെല്ലാം നന്മയും നല്ല ആശംസകളൂം.

ഒപ്പം ഒരുപാട്‌ രോഗികളെയും ഡോക്ടർമ്മാരെയും സപ്പോർട്ടീംഗ്‌ സ്റ്റാഫിനെയും രോഗീബന്ധുക്കളെയും ഒരേ സമയം രമ്യമായി കൊണ്ടുപോകുന്ന അവരോട്‌ നല്ല രീതിയിൽ മാന്യമായി പെരുമാറാൻ നമുക്ക്‌ കഴിയട്ടെ.

ലക്ഷങ്ങൾ ഫീസ്‌ മുടക്കി ഉറക്കമിളച്ച്‌ പഠിച്ച്‌ വിശപ്പും രാത്രികളും കുടുംബവും മാറ്റി വച്ച്‌ ട്രെയിനിംഗ്‌ കഴിഞ്ഞ്‌ ഇനിയും അടിക്കടി ഉയരുന്ന ജീവിതച്ചെലവുകളോട്‌ ഒത്തുപൊകാത്ത ശമ്പളത്തിൽ ജോലി എടുക്കെണ്ടി വരുന്ന നഴ്സിംഗ്‌ സമൂഹത്തിനു ചുവപ്പ്‌ നാടകളിലും ലാഭക്കൊതിതീരാത്ത കോർപ്പറേറ്റ്‌ ബോർഡ്‌ റൂമുകളിലും കുരുങ്ങിക്കിടക്കുന്ന നീതി ലഭ്യമാവട്ടെ.

എല്ലാ സഹപ്രവർത്തകർക്കും ഈ വൈകിയ വേളയിലും നഴ്സസ്‌ ദിന ആശംസകൾ.