പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലത്;മുൻ സൈനികന്റെ ഭാര്യ നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചുകൊടുത്തു

single-img
13 May 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ച് സൈസുള്ള ബ്രാ അയച്ചുകൊടുത്ത് മുൻ സൈനികന്റെ ഭാര്യ. പാക്കിസ്താനിൽ നിന്നും അതിർത്തിയിലെ ജവാന്മാർക്ക് നേരേയുണ്ടാകുന്ന നിരന്തരമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ കഴിവില്ലായ്മയെ പരിഹസിക്കാനാണു മുൻ സൈനികനായ ധരംവീർ സിംഗിന്റെ ഭാര്യ സുമൻ സിംഗ് മോദിക്ക് തുറന്ന കത്തും ബ്രായും  അയച്ചുകൊടുത്തത്.

2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണം മുതൽ മോദി തന്റെ ധീരതയെ ഉയർത്തിക്കാട്ടാൻ ഉപയോഗിച്ച പ്രയോഗമാണു അൻപത്തിയാറിഞ്ച് നെഞ്ചളവ് എന്നത്. ഗോരഖ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കിടെ 2014 ജനുവരി 23-ആം തീയതിയാണു മോദി ഈ പ്രയോഗം ആദ്യമായി നടത്തുന്നത്. അൻപത്തിയാറിഞ്ച് നെഞ്ചളവുള്ള തന്നെപ്പോലെ ഒരാൾക്കേ യു പിയെ ഗുജറാത്ത് ആക്കാൻ കഴിയൂ എന്നായിരുന്നു മോദിയുടെ അവകാശവാദം. പിന്നീട് ഈ പ്രയോഗം ബിജെപി അനുകൂല പ്രചാരണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

അൻപത്തിയാറിഞ്ചു വലുപ്പമുള്ള ഒരു ബ്രായും പ്രധാനമന്ത്രിയെ അഡ്രസ്സ് ചെയ്യുന്ന സുമൻ സിംഗിന്റെ കത്തും ജില്ലാ സൈനികബോർഡിനെ ഏൽപ്പിച്ചതായി ധരം വീർ സിംഗ് മാധ്യമങ്ങളെ അറിയിച്ചു. 1991 മുതൽ 2007 വരെ കരസേനയിൽ സേവനമനുഷ്ടിച്ച ധരംവീർ സിംഗ് ഹവിൽദാർ റാങ്കിലാണു വിരമിച്ചത്. അതിർത്തിയിൽ നടന്ന ജവാന്മാരുടെ കൊലയിൽ സുമൻ സിംഗ് അസ്വസ്ഥയാണെന്നു ധരം വീർ സിംഗ് പറയുന്നു.

“സ്ത്രീകൾ അവരുടെ മക്കളെയും സഹോദരന്മാരേയും ഭർത്താക്കന്മാരേയും അതിർത്തിയിലേയ്ക്ക് അയയ്ക്കുന്നത് തലയറുക്കപ്പെടാനും കല്ലേറുകൊള്ളാനുമല്ല, അമ്പത്താറിഞ്ചിന്റെ നെഞ്ച് ഇപ്പോൾ എവിടെപ്പോയി?” സുമൻ ചോദിക്കുന്നു.