കണ്ണൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരം, പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
13 May 2017

കണ്ണൂർ: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമായി വേണം ഇതിനെ കാണാന്‍. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും നടത്തിവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സംഭവം കൂടുതല്‍ മോശമായ തലത്തിലേക്കു വളരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയല്ല കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജുവാണ് കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പയ്യന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകനായിരുന്ന ധന്‍രാജിനെ കൊലപെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ബിജു സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.

സിപിഐ(എം) പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബിജു രണ്ട് ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.

അതേ സമയം ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.