‘രക്തമല്ല സമാധാനമാണ് അവര്‍ക്കാവശ്യം’

“ ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല. അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ല. എതിര്‍ക്കുന്നവര്‍ സത്യം മനസ്സിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസ്സിലുണ്ടാകണം. മനുഷ്യത്വമെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍ നിന്നു ചോര്‍ന്നു പോകുവാന്‍ ഒരു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം”. ഇത് മുന്‍പൊരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണ്. കണ്ണൂര്‍ വീണ്ടും കുരുതികളമാകുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

രാഷ്ട്രീയ കൊലപാതകങ്ങളുടെയും പ്രതികാരത്തിന്റെയും മനുഷ്യത്വരഹിതമായ കണക്കു തീര്‍ക്കലുകളുടെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂരിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ കൊലപാതങ്ങളും ലജ്ജിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

കണ്ണൂരിനെ ഇത്രമാത്രം രക്തപങ്കിലമാക്കാനുള്ള കാരണം എന്താണ്? അക്രമത്തിലൂടെയും അതിലൂടെ സൃഷ്ടിച്ചെടുക്കുന്ന അരക്ഷിതാവസ്ഥയിലൂടെയം നേട്ടം കൊയ്യാന്‍ ആരാണ് ശ്രമിക്കുന്നത്? മനുഷ്യ ജീവന് തെല്ലും വില കല്‍പ്പിക്കാത്തതാണോ രാഷ്ട്രീയം? സമൂഹം ഇത്രയേറെ മാറിയിട്ടും പ്രാകൃത സമൂഹത്തിലേത് പോലെ ഇവരുടെ രക്തദാഹം ശമിക്കാത്തതെന്താണ്? ജില്ലയുടെ പലഭാഗങ്ങളിലും ഓരോ കുടുംബവും വെന്തു നീറി ഭീതിയോടൊണ് കഴിയുന്നത്. ഏതു നിമിഷവും ബോംബുകളും വടി വാളുകളും തങ്ങളുടെ മേല്‍ക്കൂരയിലും കഴുത്തിലും പതിഞ്ഞേക്കാമെന്ന ഭീതി. സംഘര്‍ഷാവസ്ഥ ശാശ്വത പരിഹാരത്തിലെത്തിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ മാത്രമേ സാധ്യമാകുകയുള്ളു.

കണ്ണൂരിലെ ചില ഗ്രാമങ്ങളില്‍ ഓരോ ആണ്‍തരിയും മരണപ്പെടുന്നത് പ്രകൃതിക്ഷോഭം കൊണ്ടോ, വാഹനാപകടത്തിലോ, രോഗങ്ങള്‍ മൂലമോ അല്ല മറിച്ച് കൂടെ ഉണ്ടും ഉറങ്ങിയവര്‍ തന്നെ ഓര്‍ക്കാപ്പുറത്ത് അവരുടെ ഘാതകരാവുകയാണ്. രാഷ്ട്രീയ ഭിന്നാഭിപ്രായത്തിന്റെ പേരില്‍ ഒരമ്മയുടെ മക്കള്‍ തമ്മില്‍ തല്ലി തുണ്ടം തുണ്ടമായി വെട്ടി നുറുക്കപ്പെടുന്നു. ഉണങ്ങാത്ത മുറിവുകളുമായി കുടുംബത്തിന്റെ മുന്നിലേക്ക് എത്തുന്ന ജഡത്തിനരികിലിരുന്ന് വിലപിക്കുന്ന അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും വിലാപം ഒരു തവണയെങ്കിലും ഓര്‍ക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിഞ്ഞാല്‍ ജില്ലയില്‍ എന്നേ സമാധാനം വരുമായിരുന്നു. ആയുധങ്ങള്‍ക്കൊണ്ടല്ല മറിച്ച് ആശയങ്ങള്‍കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഏറ്റുമുട്ടേണ്ടത്.

നാടുവാഴികള്‍ക്കു വേണ്ടി പരസ്പരം വെട്ടിമരിച്ച ഒരു ജനിതക പാരമ്പര്യം കണ്ണൂരിനുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും ഈയൊരു പാരമ്പര്യത്തിന്റെ അംശങ്ങള്‍ നിഴലിക്കുന്നു. മരണപ്പട്ടികയില്‍ എത്രപേര്‍ മരിച്ചുവെന്നതിനോ എത്രപേര്‍ ജീവഛവമായി മാറിയെന്നതോ ചികഞ്ഞെടുത്തു ഓരോ രാഷ്ട്രീയ പാര്‍ട്ടികളോടും പഴിചാരിയാലും കണ്ണൂരിന്റെ വേദനജനകമായ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെന്നില്ല. പ്രാകൃതമായ പ്രതികാര സംസ്‌കാരത്തിലേക്ക് രാഷ്ട്രീയ കക്ഷികള്‍ തിരിച്ചു പോവുന്നത് കേരളത്തിന് വെറുതെ നോക്കിനില്‍ക്കാനാവില്ല. ഈയടുത്തെ കണക്കു പരിശോധിച്ചാല്‍ ഏഴു പേരാണ് ഒരു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.

കണ്ണൂരില്‍ ക്രമസമാധാനം നിലനില്‍ത്താന്‍ ആര് മുന്‍ കൈയെടുക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇത് ഇനിയും തുടര്‍ന്നാല്‍ കണ്ണൂര്‍ ജില്ല പുരുഷന്മാര്‍ വാഴാത്ത നാടായി നമ്മള്‍ കാണേണ്ടി വരും. ഇതില്‍ തിരിച്ചറിവ് നേടി ദുരഭിമാനം വെടിഞ്ഞ് രാഷ്ട്രീയ കക്ഷികളെ ഒപ്പം നിര്‍ത്തം എളുപ്പം ഇതിനൊരു പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ആ സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേരളാ സര്‍ക്കാരും തദ്ദേശീയരും ബാധ്യസ്ഥരാണ്.

പ്രബുദ്ധമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. കെട്ടുപിണഞ്ഞുകിടക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് ഇരച്ചുകയറി സാമൂഹ്യമാറ്റത്തിനായുള്ള കാഹളം മുഴക്കിയ ഒട്ടേറെ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കണ്ണൂര്‍. ജന്മിത്വത്തിനും നാടുവാഴിത്വത്തിനും സാമ്രാജ്യത്വ ശക്തികളുടെ കിരാത വാഴ്ചയ്ക്കുമെതിരെ നടത്തിയ സന്ധിയില്ലാ സമരത്തിലൂടെ നടന്നുനീങ്ങിയ കണ്ണൂരിന്റെ ചരിത്രം നിസ്തുലമാണ്. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ പടയണിതീര്‍ത്ത് സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തികളായി പ്രവര്‍ത്തിച്ച ഒട്ടേറെ നവോത്ഥാന നായകര്‍ ഇവിടെ പിറവിയെടുത്തിട്ടുണ്ട്. എന്നെന്നും മാതൃകയായിത്തീരുന്ന ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ ഉഴുത് മറിച്ച് കണ്ണൂരിന്റെ മണ്ണില്‍ അശാന്തി പടരുന്നത് ഒട്ടും ആശാവഹമല്ല. കണ്ണൂരിന്റെ മനസ്സ് വിറങ്ങലിക്കുമ്പോള്‍, സ്വാസ്ഥ്യം കെടുമ്പോള്‍ എവിടെയാണ് പോരായ്മകളെന്ന് ചിന്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബ്ബന്ധിതരായേ മതിയാവൂ.

ശത്രുതയെ ഇല്ലായ്മ ചെയ്ത് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക ബന്ധം സാമ്പത്തിക മേഖലിയിലെ അഭിവൃദ്ധി, സമത്വസ്ഥാപനം, ഓരോ വ്യക്തികളുടെയും ആവശ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെല്ലാം നിലനില്‍പ്പിന് അര്‍ത്ഥം നല്‍കുന്നവയാണ്. അപരിഹാര്യമായി ഈ പ്രശ്‌നം തുടരുന്നത് കേരളാ ജനതയ്ക്ക് ക്ഷീണമുണ്ടാക്കുന്ന ഒന്നാണ്. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഹിംസാത്മക രാഷ്ട്രീയത്തിന്റെ വിഷമ വൃത്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടിയിരിക്കുന്നു. എന്നും സമാധാനന്തരീക്ഷം ഉണ്ടാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നീക്കങ്ങള്‍ നടത്താന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരും തിരുമാനമെടുക്കണം. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും പൊതുവികാരത്തെ മാത്രമല്ല സുചിന്തമായ ബഹുജനാഭിപ്രായത്തെയുമാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

സുചിന്തിതവും വിവേക പൂര്‍ണമായ ഇടപെടലുകളോടുള്ള പക്വവും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയുമുള്ള ഇടപെടലാണ് ഇനി ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. സമാധാനം ശാശ്വതമാകണമെങ്കില്‍ ധാര്‍ഷ്ട്യവും മുന്‍വിധിയും കലര്‍ന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിക്കുക തന്നെ വേണം. ഇതോടൊപ്പം ജനാധിപത്യ മൗലിക സത്തയുമായി യോജിച്ചു മുന്നോട്ടു പോകാന്‍ കഴിയണം.

ഓരോരോ പാര്‍ട്ടികള്‍ക്കു അവരുടെ നയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ അക്രമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത് വളര്‍ച്ചയല്ല ഉന്മൂലനത്തിലേക്കാണ് നയിക്കുക. ചില അനുഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊലപാതക-അക്രമ രാഷ്ട്രീയം ജനങ്ങളെ അതത് പാര്‍ട്ടികളില്‍ നിന്ന് അകറ്റുകയാണെന്ന ബോധം ഉള്‍ക്കൊണ്ട് അണികളെയും പ്രവര്‍ത്തകരെയും നേരായ വഴിയിലേക്ക് നയിക്കണമെന്ന വലിയ പാഠം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍ക്കൊണ്ടേമതിയാവൂ. മുഖ്യമന്ത്രിയുടെ വാക്കുകളെ ആത്മാര്‍ത്ഥമായി എടുക്കാം. അത്തരത്തില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു അക്രമരാഹിത്യത്തിന്റെ ശബ്ദം ഉയരട്ടെ.