സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

single-img
13 May 2017

ന്യൂഡല്‍ഹി: വിവാദ ഇസ്ലാം മതപ്രചാരകനായ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവച്ചു. കഴിഞ്ഞവര്‍ഷമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഐ.ആര്‍.എഫിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നത് ഉള്‍പ്പെടെയുള്ള മതിയായ കാരണങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചത്. ഐ.ആര്‍.എഫിന്റെ നിരോധനത്തെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ നേരത്തേ യു.എ.പി.എ ട്രൈബ്യൂണലിനെ നിയോഗിച്ചിരുന്നു.

പ്രകോപനപരമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്ന് ബോധ്യമായെന്ന് ട്രൈബ്യൂണല്‍ അധ്യക്ഷ ജസ്റ്റിസ് സംഗീത ധിംഗ്ര സെഹ്ഗാല്‍ പറഞ്ഞു. സമാധാനത്തിനും ജനാധിപത്യ നീതിന്യായ വ്യവസ്ഥയ്ക്കും എതിരായ കടന്നാക്രമണമാണെന്ന് അന്ന് സാക്കിര്‍ നായിക്ക് അഭിപ്രായപ്പെട്ടിരുന്നു. വിദേശത്തു നിന്നെഴുതിയ തുറന്ന കത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ നായിക് പ്രതിഷേധിച്ചത്.

നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം നടക്കുന്ന സമയത്താണ് തന്റെ സംഘടനയ്‌ക്കെതിരേ നടപടിയെടുത്തത്. ഇത് പ്രതിഷേധം ഒഴിവാക്കാനാണ്. നിരോധനം പിന്‍വലിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും സാക്കിര്‍ അന്ന് പറഞ്ഞിരുന്നു.