ലോക രാജ്യങ്ങളെ ഞെട്ടിച്ച് വമ്പൻ സൈബര്‍ ആക്രമണം: ബാധിച്ചത് ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന ഉള്‍പ്പെടെ 99 രാജ്യങ്ങളെ ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

single-img
13 May 2017

ലണ്ടന്‍: ലോകരാജ്യങ്ങളെ ഞെട്ടിച്ച് വന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 99 രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണു ലഭ്യമായി കൊണ്ടിരിക്കുന്ന വിവരം.

ബ്രിട്ടനിലെ വലിയ ആശുപത്രി ശൃംഖല എന്‍എച്ച്എസിനെ സൈബര്‍ ആക്രമണം നിശ്ചലമാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ലോകമാകെ കൂട്ടത്തോടെ സൈബര്‍ ആക്രമണമുണ്ടായത് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ് കോയിൻ (Bitcoin) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ് കോയിൻ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ് കോയിൻ വഴി വന്‍ തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.

മെക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ( Eternal Blue ) ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു

വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റര്‍ 2.0 റാന്‍സം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതിവേഗം കംപ്യൂട്ടറുകളിലേക്കു പടരുന്നതാണിത്. സുരക്ഷാസംവിധാനം, കംപ്യൂട്ടര്‍ സിസ്റ്റം എന്നിവയുടെ അപ്‌ഡേറ്റുകളുടെ രൂപത്തിലും ഡൗണ്‍ലോഡിങ് ഫയലുകളുടെ ഒപ്പവുമാണ് റാന്‍സം കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുക. പിന്നീട് ഫയലുകള്‍ ഉപയോക്താവിനു തുറക്കാനാകില്ല.

മൂന്നു തരത്തിലാണ് വണ്ണാക്രൈ ആക്രമണം. കംപ്യൂട്ടര്‍ മൊത്തം തുറക്കാനാകാത്തവിധം ലോക്ക് ചെയ്യുന്നത്, ലോഗിന്‍ സമയത്ത് പണമടയ്ക്കാനുള്ള സന്ദേശമയക്കുന്നത്, ക്ലോസ് ചെയ്യാനാകാത്ത പോപ്അപ് പ്രത്യക്ഷപ്പെട്ട് ഉപയോഗ ശൂന്യമാക്കുക എന്നിങ്ങനെയാണവ. പണം നല്‍കിയാലും ഫയലുകള്‍ തിരിച്ചുകിട്ടുമെന്നും ഉറപ്പില്ല. കൂടുതല്‍ പണം ആവശ്യപ്പെടാനും സാധ്യതയുണ്ട്. ബിറ്റ്മിന്‍ പണമിടപാട് ആയതിനാല്‍ കുറ്റവാളികളെ കണ്ടെത്തുക പ്രയാസമെന്ന യാഥാർഥ്യം ഈ ആക്രമണത്തിന്റെ അപകടം വർധിപ്പിക്കുന്നു.