ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏഴു കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

single-img
13 May 2017

കണ്ണൂര്‍: ആര്‍എസ്എസിന്റെ രാമന്തളി മണ്ഡലം ചൂരിക്കാട്ട് ബിജുവിനെ കൊല ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന കക്കംപാറയിലെ പണ്ടാര വളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസ്. തളിപ്പറമ്പ് സിഐ പി കെ സുധാകരനാണ് അന്വേഷണ ചുമതല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്.

കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടത്തി 11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബിജെപി നേതാക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലും കക്കംപാറയിലും പൊതു ദര്‍ശനത്തിനു വച്ചശേഷം രണ്ടു മണിയോടെ കക്കംപാറ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നലെ വൈകിട്ടാണ് ബിജു ക്രൂരമായി കൊല്ലപ്പെട്ടത്. കക്കംപാറയിലെ ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന ബിജു. ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് ദിവസമായിരുന്നു നാട്ടിൽ എത്തിയത്.

പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ച്, വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.