കണ്ണൂരില്‍ വേണ്ടത് ‘അഫ്സ്പ’ : ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

single-img
13 May 2017

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ (സായുധ സേന പ്രത്യേകാധികാര നിയമം) നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. വെള്ളിയാഴ്ച പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കണ്ണൂരില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാരിന്റെ സഹായത്തോടെയാണ് അക്രമം നടക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറയുന്നു. അക്രമങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുയാണ്. ഈ സാഹചര്യത്തില്‍ പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നടപ്പാക്കണമെന്നാണ് ബിജെപി നേതാക്കളെ ഗവര്‍ണറെ ധരിപ്പിച്ചിരിക്കുന്നത്. ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ പതിമൂന്ന് പേരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. ആര്‍എസ്എസ്-ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കണ്ണൂരിലെ സിപിഎം നേതാക്കള്‍ തന്നെ വില കൊടുക്കുന്നില്ല. നിയമസംവിധാനം സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ലഭിക്കാനും ഒറ്റ പോംവഴിയെയുള്ളൂ അത് അഫ്‌സ്പയാണ്. ഇതാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം ഒ.രാജഗോപാല്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.