പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു: കണ്ണൂരിൽ നാളെ ബി ജെ പി ഹർത്താൽ

single-img
12 May 2017

കണ്ണൂർ: സി പി എം പ്രവർത്തകൻ ധൻരാജിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കംപാറ മണ്ഡൽ കാര്യവാഹക് ചൂരക്കാട് ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളിൽ വൈകിട്ട് നാലു മണിയോടെ വെട്ടേറ്റു മരിച്ചത്.

വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ ഒരു ഇന്നോവ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ 12–ാം പ്രതിയാണു ബിജു.ഈ കേസിൽ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച വരെ ബിജുവിന്റെ വീട്ടിൽ പോലീസ് കാവലുണ്ടായിരുന്നു.

സംഭവത്തിനു പിന്നിൽ സി പി എം ആണെന്നാരോപിച്ച ബി ജെ പി നാളെ കണ്ണൂരിൽ ഹർത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്.

2016 ജൂലൈ 11നാണ് സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് (36) കൊല്ലപ്പെട്ടത്. രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്തായിരുന്നു കൊലപാതകം. ബൈക്കിൽ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.