മൂന്നാറിലെ സി പി എമ്മിന്റെ ഭൂമികയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

single-img
12 May 2017

മൂന്നാറിലെ സി പി എം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മൂന്നാറിലെ സിപിഎം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂമന്ത്രിക്കു ധൈര്യമുണ്ടോയെന്നാണു ചെന്നിത്തല നിയമസഭയിൽ ചോദിച്ചത്. സി പി എമ്മുകാരാണു മൂന്നാറിലെ പ്രധാനഭൂമികയ്യേറ്റക്കാരെന്ന് ചെന്നിത്തല ആരോപിച്ചു.

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാരോപിച്ച് പ്രത്പക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന സർവകക്ഷി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. പി ടി തോമസ് എം എൽ ഏയാണു പ്രതിപക്ഷത്തിനുവേണ്ടി അടിയന്തിരപ്രമേയത്തിനു നോട്ടീസ് നൽകിയത്.

എന്നാൽ മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ തുടരുകയാണെന്നായിരുന്നു റവന്യു മന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിവിളിച്ച സർവ്വകക്ഷിയോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ അതിനുശേഷവും തുടരുകയാ‍ണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

മൂന്നാർ വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിൽ തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പട്ടയവിതരണം തടസ്സപ്പെടുത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. മൂ‍ന്നാറിൽ പുതിയകയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.