ജസ്റ്റിസ് കർണ്ണൻ നേപ്പാളിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നു സഹായി

single-img
12 May 2017

കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറുമാസത്തെ തടവിനു ശിക്ഷിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണ്ണൻ പോലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേയ്ക്ക് കടന്നതായി സൂചന. മൂന്നു സംസ്ഥാനങ്ങളിലെ പോലീസാണു ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുന്നത്.

ജസ്റ്റിസ് കർണ്ണന്റെ അടുത്ത സഹായിയും നിയമോപദേഷ്ടാ‍വുമായ പീറ്റർ രമേഷ് കുമാറാണൂ ഇദ്ദേഹം നേപ്പാളിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്ന് കൽക്കട്ട പോലീസിനോട് പറഞ്ഞത്. കര്‍ണന്‍ ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് ഇന്നലെ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കര്‍ണന്‍ ചെന്നൈയിലുണ്ടെന്ന അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ പരിഗണിച്ച്, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ദൗത്യവുമായെത്തിയ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം ഇന്നു ചെന്നൈയിലും തിരച്ചില്‍ നടത്തും.

ചെപ്പോക്കിലുള്ള സർക്കാർ ഗസ്റ്റ് ഹൌസിൽ നിന്നും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള കാലഹസ്തിയിലേയ്ക്കു കർണ്ണൻ യാത്ര ചെയ്തതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൊബൈൽ ഈ റൂട്ടിൽ യാത്ര ചെയ്തതായി വരുത്തിത്തീർക്കുകയായിരുന്നു എന്നു അഭിഭാഷകൻ പോലീസിനോട് പറഞ്ഞു.

റോഡ് മാർഗ്ഗമാകും അദ്ദേഹം രാജ്യാതിർത്തി കടന്നിട്ടുണ്ടാകുകയെന്നു പറഞ്ഞ പീറ്റർ രമേഷ് കുമാർ , പ്രസിഡന്റ് പ്രണബ് കുമാർ മുഖർജ്ജിയുമായി കൂടിക്കാഴ്ച്ചയ്ക്കു അനുമതി ലഭിച്ചാൽ അദ്ദേഹം തിരിച്ചുവരുമെന്നും പോലീസിനോട് പറഞ്ഞു.

“തനിക്കു നീതി ലഭിക്കുമെന്നു ഉറപ്പ് ലഭിക്കാതെ ജസ്റ്റിസ് കർണൻ കീഴടങ്ങുകയില്ല. തനിക്കെതിരായ സുപ്രീം കോടതിവിധിയുടെ വിശദമായ പകർപ്പ് ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിനു അതു വിശകലനം ചെയ്യാൻ കഴിയുകയുള്ളൂ. അദ്ദേഹത്തെ നിയമിച്ചത് ഇന്ത്യൻ പ്രസിഡന്റ് ആണു. അതുകൊണ്ടുതന്നെ ഒരു തൊഴിൽദാതാവും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിൽ അദ്ദേഹവുമായി കൂടിക്കാഴ്ച്ചനടത്താനുള്ള ന്യായമായ അവകാശം അദ്ദേഹത്തിനുണ്ട്. സുപ്രീം കോടതിയിലെ ഇരുപത് മുതിർന്ന ജഡ്ജിമാർക്കെതിരേയുള്ള അഴിമതിയാരോപണങ്ങൾ ആരോപിച്ചുള്ള അദ്ദേഹത്തിന്റെ പരാതി പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും മുന്നിലുണ്ട്. അദ്ദേഹത്തെ ജയിൽശിക്ഷയ്ക്ക് വിധിച്ചപ്പോൾ ഈ പരാതിയ്ക്കെന്തു സംഭവിച്ചു? തന്നെ ശിക്ഷിച്ച വിധിയ്ക്കെതിരേ ഒരു റിവ്യു പെറ്റിഷൻ ഫയൽ ചെയ്യാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. വിചാരണപോലും കൂടാതെ തന്നെ ശിക്ഷിച്ച സുപ്രീം കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നാണു അദ്ദേഹത്തിന്റെ ആവശ്യം,” പീറ്റർ രമേഷ് കുമാർ പറഞ്ഞു.