പോലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റിയ സെൻകുമാറിന്റെ നടപടി സർക്കാർ റദ്ദാക്കി

single-img
12 May 2017

പോലീസ് മേധാവിയായി തിരികെയെത്തിയ ടി പി സെൻകുമാർ നടത്തിയ സ്ഥലം മാറ്റ ഉത്തരവുകൾ സർക്കാർ റദ്ദാക്കി. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ടായ കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടിയാണു സർക്കാർ റദ്ദാക്കിയതു. ഭരണകക്ഷി സംഘടനയിലെ സജീവപ്രവർത്തകയാണ് ബീന.

ബീനയ്ക്കു പകരം എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രയെയാണ് സെൻകുമാർ നിയമിച്ചത്. ഇതിനെതിരെ ബീന ആഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയിരുന്നു.

എന്നാൽ ബീനയ്ക്ക് തൽസ്ഥാനത്ത് തുടരാമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി. എന്നാൽ രേഖാമൂലമുള്ള ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

സെൻകുമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് സർക്കാർ തിരുത്തൽ നടപടികൾ കൈക്കൊണ്ടത്. മുഖ്യമന്ത്രിയെ കണ്ടശേഷം വിശദമായ റിപ്പോർട്ട് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപി കൈമാറിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡിജിപിക്ക് നിർദേശം നൽകിയത്.

ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെ സെൻകുമാർ എടുത്ത നടപടികളിലൊന്നാണ് കുമാരി ബീനയുടെ സ്ഥലംമാറ്റം. ടി ബ്രാഞ്ചിൽ നിയമനം ലഭിച്ച്​ ഒരു വർഷം തികയും മുമ്പ്​ അകാരണമായാണ്​ സ്ഥലം മാറ്റിയതെന്ന്​ ആരോപിച്ച്​ ബീന ചീഫ്​ സെക്രട്ടറി നളിനി നെറ്റോക്ക്​ പരാതി നൽകിയിരുന്നു. ഇതിനെ പിന്നാലെയാണ്​ സർക്കാർ നടപടി.