ബലൂചിസ്ഥാനിലെ പള്ളിയിൽ സ്ഫോടനം: 25 മരണം

single-img
12 May 2017
pakistan explosion

സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നു| ഫോട്ടോ: അൽ ജസീറ

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ സെനറ്റ് ഡെപ്യൂട്ടി ചെയർമാൻ അബ്ദുൽ ഘഫൂർ ഹൈദേരിയെ ലക്ഷ്യം വെച്ചാണു സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ നിന്നും ഹൈദേരി പരിക്കുകളോടെ രക്ഷപ്പെട്ടു.

 

ബലൂച് പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ നിന്നും 70 കിലോമീറ്റർ അകലെ മസ്താംഗിലെ പള്ളിയ്ക്ക് മുന്നിലാണു സ്ഫോടനമുണ്ടായത്. പള്ളിയിൽ നിന്നും വെള്ളിയാഴ്ച്ച പ്രാർത്ഥന കഴിഞ്ഞു പുറത്തിറങ്ങിയ അബ്ദുൽ ഘഫൂർ ഹൈദേരിയുടെ വാഹനവ്യൂഹത്തിനടുത്താണു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഹൈദേരിയുടെ കാർ പൂർണ്ണമായും തകർന്നു. ഇദ്ദേഹത്തിന്റെ സഹായിയും ഡ്രൈവറും കൊല്ലപ്പെട്ടു.

വാഹനത്തിന്റെ മുൻഭാഗത്തെ ചില്ലുകൾ തറച്ചു ഗുരുതരമായി പരിക്കേറ്റ ഹൈദേരിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പിന്നീട് അവിടെനിന്നും ക്വെറ്റയിലുള്ള കമ്പൈൻഡ് മിലിട്ടറി ആശുപത്രിയിലേയ്ക്കുമാറ്റി. ഇതിനിടെ ഹൈദേരി ഫോണിൽ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

“എന്റെ കാറിലാണു ബോംബ് പൊട്ടിയത്. മുൻഭാഗത്തെ ഗ്ലാസ് പൊട്ടി എന്റെ ദേഹത്തേയ്ക്ക് വീണു. കാറിന്റെ സൈഡ് ഡോറും ഇളകിത്തെറിച്ചു,” ഹൈദേരി മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവലത് മതസംഘടനയായ ജമാ അത്തെ ഉലമ ഇസ്ലാം പാർട്ടിയുടെ ഫാസിൽ ഫാക്ഷൻ അംഗമാണു ഹൈദേരി. 2008-മുതൽ സെനറ്റർ ആയിരുന്ന ഇദ്ദേഹം 2015-മുതൽ സെനറ്റിന്റെ ഡെപ്യൂട്ടി ചെയർമാൻ ആണു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.