കൈയേറ്റമൊഴിപ്പിക്കൽ: സബ് കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി;നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്‌വഴക്കം പാലിച്ചില്ല

single-img
12 May 2017

തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.144 പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും സബ് ജില്ലാ മജിസ്‌ട്രേറ്റിനും അധികാരമുണ്ട്. രണ്ട് മാസം വരെ നിരോധനാജ്ഞ പ്രഖ്യാപിപിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, അതിന് ആഭ്യന്തരവകുപ്പുമായും സര്‍ക്കാറുമായും കൂടിയാലോചിക്കേണ്ട കീഴ്‌വഴക്കമുണ്ട്. മൂന്നാറില്‍ ഇതുണ്ടായില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വീഴ്ച വരുത്തിയത് സബ് കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി. തോമസ് ആണ് നോട്ടീസ് നൽകിയത്.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ തുടരുകയാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് സഭയെ അറിയിച്ചു. കൈയേറ്റമൊഴിപ്പിക്കലിന് യതൊരു തടസവും ഉണ്ടായിട്ടില്ല. സർക്കാരിന്‍റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിടില്ലെന്നും മന്ത്രി അറിയിച്ചു.