തിരുവാഭരണത്തിലെ നവരത്‌ന പതക്കം കാണാതായ സംഭവം: ക്രൈംബ്രാഞ്ച് സംഘം കിണര്‍ വറ്റിച്ച് പരിശോധന നടത്തി

single-img
12 May 2017

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ നവരത്‌ന പതക്കം കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം കിണര്‍ വറ്റിച്ച് പരിശോധന നടത്തി. ക്ഷേത്രത്തിലെ പാല്‍പായസവും മറ്റു നിവേദ്യങ്ങളും പാചകം ചെയ്യുന്നതിനാവശ്യമായ വെള്ളമെടുക്കുന്ന ക്ഷേത്രം കുശ്‌നിപ്പുരയോടു ചേര്‍ന്നുള്ള പാല്‍പ്പായസ കിണറാണ് ക്രൈംബ്രാഞ്ച് സംഘം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വറ്റിച്ചത്.

അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍നായരുടെ നിര്‍ദേശാനുസരണം ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ എം എസ് സുബി, സ്റ്റേഷന്‍ ഓഫീസര്‍ എസ് സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നുള്ള ഒരു യൂണിറ്റാണ് കിണര്‍ വറ്റിച്ചത്. ഒരുമണിക്കൂര്‍നീണ്ട പരിശ്രമത്തില്‍ കിണര്‍ വറ്റിച്ചെങ്കിലും ഇതില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. ക്ഷത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ മണികിണര്‍, വടക്കുഭാഗത്തെ പാല്‍പ്പായസ കിണര്‍ എന്നിവയ്ക്കുപുറമെ മറ്റ് ഏഴ് കിണറുകള്‍ ക്ഷേത്രാങ്കണത്തില്‍ വേറെയുണ്ട്. എന്നല്‍ നല്ല വെയിലുള്ള സമയം മണിക്കിണറിന്റെ അടിഭാഗം വ്യക്തമായി കാണാമെന്നതും ഊട്ടുപുരയ്ക്ക് സമീപമുള്ള കിണറിനുമുകളില്‍ കണ്ണി അടുപ്പമുള്ള ഗ്രില്ലിട്ട് സൂക്ഷിച്ചിട്ടുള്ളതിനാലും പതക്കം ഇവയില്‍ നിക്ഷേപിക്കാന്‍ സാധ്യതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. മറ്റുകിണറുകള്‍ ഉപയോഗശൂന്യമായതിനാലും ആളൊഴിഞ്ഞ സ്ഥലങ്ങളിലായതുകൊണ്ടും പതക്കം ആരെങ്കിലും മോഷ്ടിച്ചിട്ടുണ്ടെങ്കില്‍തന്നെ ഈ കിണറുകളില്‍ ഇടാന്‍ സാധ്യതയില്ലെന്നും അന്വേഷണസംഘം കരുതുന്നു.

എന്നാല്‍ ക്ഷേത്രകുളം വറ്റിച്ചുള്ള പരിശോധന സജീവപരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പാല്‍പായസം ഉള്‍പ്പെടെയുള്ളവ പാചക ചെയ്തശേഷം പാത്രങ്ങള്‍ ഈ കുളത്തിലെത്തിച്ചാണ് കഴുകി വൃത്തിയാക്കുന്നത്. കഴുകാനെത്തിച്ച പാത്രങ്ങള്‍ക്കൊപ്പം യാദൃശ്ചികമായെങ്കിലും പതക്കം ഈ കുളത്തില്‍ വീണുപോകാമെന്നതിന്റെ അടിസ്ഥാനത്തിലാണ് സംഘം കുളം വറ്റിക്കാനുള്ള നടപടിക്കൊരുങ്ങുന്നത്. ഇതിനായി ഫയര്‍ഫോഴ്‌സ് കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചതായും അന്വേഷണസംഘം പറഞ്ഞു.