എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു

single-img
11 May 2017

മുബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐ പിന്മാറിയത്. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ പറയുന്നത്. എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നും തിരുത്തിയ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആദ്യ ഇറക്കിയ സര്‍ക്കുലറില്‍ മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

മാസം നാല് എടിഎം സൗജന്യ ഇടപാട് അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു. നാല് ഇടപാട് കഴിഞ്ഞാല്‍ മാത്രമേ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും എസ്ബിഐ അറിയിച്ചു. ആദ്യം പുറത്ത് വന്നത് തെറ്റായ സര്‍വ്വീസ് ചാര്‍ജ് സംബന്ധിച്ച ഉത്തരവാണെന്ന് എസ്ബിഐ വിശദീകരണം നല്‍കി.