പീഡോഫീലിയ ശരിയോ തെറ്റോ എന്ന ചർച്ച പോലും ഭയപ്പെടുത്തുന്നതാണു..

single-img
11 May 2017

സൂര്യഗായത്രി

എല്ലാതരം ആൾക്കൂട്ട ആക്രമണങ്ങൾക്കും എതിരുതന്നെയാണ്. പക്ഷേ പീഡോഫീലിയക്കാർക്ക് ഉണ്ടായേക്കാവുന്ന മോബ് വയലൻസിനെക്കാളേറെ എന്നെ അസ്വസ്ഥപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും കുഞ്ഞുങ്ങൾക്ക് ഉണ്ടായേക്കാവുന്ന വയലൻസിനെയോർത്താണ്. അതുകൊണ്ട് പീഡോഫീലിയയെ കുറ്റകൃത്യമെന്നതിൽ നിന്നും സാധാരണമനോഭാവം എന്ന നിലയിലേക്ക് മാറ്റിയെഴുതുന്നവരുടെ ഹിഡൻ അജണ്ടയും വ്യക്തമാണ്.

അതിനോടുള്ള ശ്രമങ്ങളുടെ ഭാഗമായെന്നു തോന്നും വിധമാണ് LGBT യോടൊപ്പം P കൂട്ടിച്ചേർക്കാനുള്ള ചർച്ചകൾ കണ്ടുതുടങ്ങിയത്. ‘I am Lesbian,’ ‘I am Gay,’ ‘I am Bisexual,’ ‘I am Trans,’ എന്നൊക്കെ മുദ്രാവാക്യം ഉയർന്നപ്പോൾ അതിനുമറുപടിയായി That’s okey എന്നു പതിനായിരങ്ങൾ ഏറ്റുവിളിച്ചു. അതിനൊപ്പം Iam pedo എന്നു കൂട്ടിച്ചേർത്തു വിളിക്കാൻ തന്ത്രം മെനയുന്നവരെ ഒറ്റപ്പെടുത്തണം എന്നു വാദിക്കുന്നവരോട് അതിനു പൊളിറ്റികൽ കറക്ടനസ് തീരെയില്ലയെന്നു പറഞ്ഞാൽ, ഈ പൊളിറ്റിക്കൽ കറക്ട്നെസ് വാദികൾക്കും ഒന്നു കൊടുക്കുക എന്നതിൽ കവിഞ്ഞൊന്നുമില്ല.

“ആൾക്കൂട്ടത്തിൻറ നിയമങ്ങളെന്നോ” “പ്രജുഡിസെന്നോ” കരഞ്ഞതു കൊണ്ട് കാര്യമില്ലയെന്നു മാത്രം ഓർമിപ്പിച്ചു കൊള്ളട്ടെ…!

‘സുഹൃത്തായതുകൊണ്ടോ’, ‘എനിക്ക് അവനെയറിയാം ‘ എന്നതുകൊണ്ടോ സമൂഹത്തെയാകെ ബാധിക്കുന്ന / മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്ന, കുറ്റകൃത്യങ്ങളെ ലഘൂകരിക്കുകയും തമാശയിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ എന്തു ഫിലോസഫിയാണ് പങ്കുവയ്ക്കുന്നത് ?

ഏറ്റവും വിഷമകരവും ആശങ്കപ്പെടുത്തുന്നതുമായ ഒന്ന് യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സദാചാര ഗുണ്ടായിസത്തെ ഇതിനോടു കൂട്ടികെട്ടുന്നതാണ്. ഒരു സാമൂഹ്യ പ്രശ്നത്തിൽ മൂന്നു പേർ നിലനിൽക്കെ എങ്ങനെയാണ് ഒരാളുടെ മറ്റു വിഷയങ്ങളിലെ അഭിപ്രായങ്ങൾ എല്ലാവരുടേതുമായി മാറുന്നത് ? തങ്ങൾ തല്ലിചതച്ചത് ശരിയാണെന്ന് പ്രചരിപ്പിക്കുമ്പോൾ അതിലടങ്ങിയ മറ്റുള്ളവരുടെ മാനസികാവസ്ഥയെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?

പിഞ്ചു കുഞ്ഞിനോടു പോലും കാമം തോന്നും എന്നു പറയുന്നവരോടും അവരുടെ നീതിക്കു വേണ്ടി പോരാടുന്നവരോടും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും രാഷ്ട്രീയ കരുനീക്കങ്ങൾ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. പീഡോഫീലിയ ശരിയോ തെറ്റോ എന്ന ചർച്ച പോലും ഭയപ്പെടുത്തുന്നതാണ്. അവിടെ തനിക്ക് പോലും മനസിലാകാത്ത എന്തൊക്കെയോ ബുദ്ധി ജീവി പരിവേഷമണിഞ്ഞ് ഫിലോസഫിയെന്നു വാദിക്കുന്നവരോട് പുച്ഛമാണ്.

അമേരിക്കയിലെ ലൈംഗിക സ്വാതന്ത്ര്യം കണ്ടുപഠിക്കാൻ ആവശ്യപ്പെടുന്നവർ മനസിലാക്കാതെ പോകുന്ന ഒന്നുണ്ട്, വികസിത രാജ്യങ്ങളൊക്കെ തന്നെ പീഡോഫീലിയയെ ഗുരുതരമായ ക്രൈം ആയാണ് കാണുന്നത്. ശിക്ഷാകാലയളവ് ഉയർത്തുക മാത്രമല്ല അമേരിക്കൻ സിറ്റിസൺ മറ്റു രാജ്യങ്ങളിൽ പോയി പീഡോഫീലിയാനുസൃതമായ കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിനെതിരെ “പീഡോഫീലിയ ഹണ്ടേഴ്സ്” എന്നൊരു ഫോഴ്സ് തന്നെ നിലനിർത്തിയിട്ടുണ്ട്.
മറ്റു രാജ്യങ്ങൾ പരിശോധിക്കുമ്പോഴും കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെ പ്രതിരോധിക്കുകയാണ്. ഇത്തരം സെക്ഷ്വൽ ഓറിയൻറേഷനിൽ ഉള്ളവരെ സ്വാഭാവികത എന്ന ചട്ടകൂട്ടിനുള്ളിൽ നിലനിർത്തി ട്രീറ്റ് ചെയ്യാനുള്ള മാർഗങ്ങളൊന്നുമില്ല.

കുട്ടികളുടെ സംരക്ഷണം തന്നെയാണ് പ്രാധാന്യവും

അഞ്ചുസുന്ദരികൾ എന്ന മലയാള സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രം തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. അവളുടെ ഓമനത്തവും നിഷ്കളങ്കതയും ആ സിനിമയിലെ ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തിന് തൻറെ ലൈംഗിക ചോദനകളുണർത്താനുള്ള മാർഗമായി തോന്നിയേക്കാം. ലൈംഗികാതിക്രമമല്ലെങ്കിൽ കൂടി റോബർട്ട് ബ്രൗണിങിൻറ പൈഡ്പെപ്പർ ചെറുപ്പത്തിൽ ഭയപ്പെടുത്തിയിട്ടുണ്ട്. ഹാമെലിൻ നഗരസഭ പാരിതോഷികം നൽകാതെ വാക്കുമാറിയപ്പോൾ കുഴലൂതി കൊപെൽബർഗ് മലയിടുക്കിലേക്ക് കുട്ടികളെ കൊണ്ടുപോയ കുഴലൂത്തുകാരൻ എന്ന കഥാപാത്രം എത്രയെത്രെ കുരുന്നുകളിൽ ഭയം ജനിപ്പിച്ചുണ്ടാവും !!!

ഏതു സിദ്ധാന്തത്തിലും കുഞ്ഞുങ്ങൾ തന്നെയാണ് പ്രധാനം. അവരുടെ ഇളം മനസിനെ/ ശരീരത്തെ മുറിവേൽപ്പിക്കുന്ന, ചിരിമിനുങ്ങേണ്ട കണ്ണുകളെ ഭയപ്പെടുത്തുന്ന, ഏതു തത്വശാസ്ത്രത്തിനോടും വിയോജിപ്പുതന്നെയാണ്. ഒരു വിഷയത്തിലെ അനുകൂലനിലപാടുകൾ എല്ലാ വിഷയങ്ങളിലും പ്രതിഫലിക്കുന്ന ഒന്നല്ല എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ !!!