രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ പ്രതിപക്ഷം മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നു

single-img
11 May 2017

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പൊതു സ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരിനാണ് പ്രതിപക്ഷ നിരയില്‍ മുന്‍ഗണന.

പ്രതിപക്ഷ നേതാക്കള്‍ ഈ ആവശ്യവുമായി അദ്ദേഹത്തെ കണ്ടു. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതലെന്തെങ്കിലും പറയാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗാന്ധിസത്തിന്റെ ശക്തനായ വക്താവ് കൂടിയായി ഗോപാല്‍കൃഷ്ണ ഗാന്ധി മോദിയുടെ ശൈലിയോട് പലപ്പോഴും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളുമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി സംസാരിച്ചത്.

മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിന്റെ പേരും ഇതോടൊപ്പം പരിഗണനയിലുണ്ട്. ശരദ് പവാര്‍, ശരത് യാദവ് എന്നീ പേരുകളും പറഞ്ഞു കേട്ടെങ്കിലും യെച്ചൂരി-സോണിയ കൂടിക്കാഴ്ചയിലാണ് രണ്ട് പേരിലേക്ക് മാത്രമായി ചര്‍ച്ച ചുരുങ്ങിയത്. എന്നാല്‍ ഒരു കോണ്‍ഗ്രസ് നോമിനിയെ പിന്തുണക്കുന്നതില്‍ പല പ്രതിപക്ഷ കക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. ഇതാണ് മീരാകുമാറിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്.

2012 ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചിരുന്നു. മമതയുടെ പിന്തുണയും ഇപ്പോഴത്തെ നീക്കത്തിനുണ്ട്. അടുത്തയാഴ്ച സോണിയ മമതയുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ആര്‍എസ്എസ് പശ്ചാത്തലമുള്ള ആരെയെങ്കിലുമാണ് ഭരണപക്ഷം നിര്‍ത്തുന്നതെങ്കില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ ഉചിതമായ സ്ഥാനാര്‍ഥിയായിരിക്കുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായ്ഡു, സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, തവര്‍ചന്ദ് ഗെഹ്ലോട്ട് തുടങ്ങിയ പേരുകളാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒഡീഷയിലെ ദളിത് നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിന്റെ പേര് അപ്രതീക്ഷിതമായി ബിജെപി നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസിലെ ദളിത് മുഖമായ മീരാ കുമാറിന്റെ പേരിലേക്ക് പ്രതിപക്ഷം യോജിക്കാനും സാധ്യതയുണ്ട്.